വാഹനാപകടത്തില്‍ യുവാവ് മരിച്ചു
1416231
Saturday, April 13, 2024 10:16 PM IST
ചങ്ങരംകുളം: നിയന്ത്രണംവിട്ട കാർ മറ്റൊരു കാറുമായി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ആനക്കര സ്വദേശി ശ്രീരാഗ്(23) മരിച്ചു. അപകടത്തിൽ മറ്റ് മൂന്നുപേര്‍ക്കു പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11ഓടെ ചങ്ങരംകുളം ടൗണിലായിരുന്നു അപകടം. അകലാട് സ്വദേശി വിനീത്(24), ആല്‍ത്തറ സ്വദേശികളായ വിവേക്(28), രാഹുല്ശ്രീരാഗ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആല്‍ത്തറയില്‍ നിന്നു ചങ്ങരംകുളത്ത് സിനിമ കാണാനെത്തിയ ആറു പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് എതിരേ വന്ന ആനക്കര സ്വദേശി ശ്രീരാഗ് സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ മറ്റൊരു കടയില്‍ ഇടിച്ച് കയറിയാണ് ശ്രീരാഗിന്റെ കാർ നിന്നത്. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ശ്രീരാഗിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്.
ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പെട്ട ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.