വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി ഒരുങ്ങി
1415958
Friday, April 12, 2024 5:11 AM IST
നിലമ്പൂര്‍: വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി ഒരുങ്ങി. വിഷുവിന് രണ്ട് ദിവസങ്ങള്‍ കൂടി ഉണ്ടെങ്കിലും വിപണി സജീവമാണ്. കമ്പിത്തിരി, പൂത്തിരി ചക്രം, മത്താപ്പ് തുടങ്ങിയ പരമ്പരാഗത ഇനങ്ങള്‍ മുതല്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍ വരെ ഇക്കുറി വിപണിയിലുണ്ട്.
ചൈന പടക്കങ്ങള്‍ എന്നാണ് പേരെങ്കിലും ചൈന പടക്കങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇനങ്ങളും ശിവകാശിയിലാണ് ഉണ്ടാക്കുന്നതെന്ന് നിലമ്പൂരിലെ പ്രമുഖ പടക്ക വ്യാപാരിയായ നോബിള്‍ ഷൈജു കുര്യന് പറഞ്ഞു. ശബ്ദത്തോടെ പൊട്ടുന്ന ഇനങ്ങള്‍ പല തരത്തിലും വിലയിലും ലഭ്യമാണ്.
ആകാശത്ത് വര്‍ണ കുടകള്‍ വിരിച്ച് 12 മുതല്‍ 240 തവണ പൊട്ടുന്നവയുണ്ട്. 300 മുതല്‍ 3600 രൂപ വരെയാണ് വില. കമ്പിത്തിരി, മത്താപ്പ് , പൂവ്, ചക്രം, വാണം, ഗുണ്ടുകള്‍, കമ്പി ചക്രം, പമ്പരം, പിരിപിരി, ആകാശത്ത് കറങ്ങിത്തിരിഞ്ഞ് പൊട്ടുന്ന ഡ്രോണ്‍, ഹെലികോപ്റ്റര്‍ തുടങ്ങിയ പല ഇനങ്ങളുണ്ട്.
വര്‍ണം വാരിവിതറുന്നവയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. ചക്രം 10 മുതല്‍ 30 രൂപ വരെയും പൂവ് 10 മുതല്‍ 200 രൂപ വരെയും കമ്പിത്തിരി 20 മുതല്‍ 150 രൂപ വരെയുള്ള വിലകളില്‍ ലഭിക്കും. കൈവശമുള്ള പണത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം കമ്പിത്തിരി അരമീറ്റര്‍ നീളമുള്ളതുണ്ട്.
അഞ്ചെണ്ണത്തിന്റെ പായ്ക്കറ്റ് 150 രൂപയ്ക്ക് കിട്ടും. പൊതുവെ കഴിഞ്ഞ വര്‍ഷത്തെ വിലയാണ് ഇത്തവണയും എന്ന് വ്യാപാരികള്‍ പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തിലെ പ്രധാന ടൗണുകളിലെല്ലാം പടക്ക വിപണികള്‍ സജീവമാണ്.
പ്രളയകാലത്തും കോവിഡു കാലത്തുമെല്ലാം ഉണ്ടായ നഷ്ടങ്ങള്‍ ഈ വിഷുവിലൂടെ മറികടക്കാം എന്ന വിശ്വാസത്തിലാണ് നിലമ്പൂര്‍ മേഖലയിലെ പടക്ക വ്യാപാരികള്‍.