പോലീസും എക്സൈസും നിസംഗതയില്‍ : മുള്ളമ്പാറ വീണ്ടും മയക്കുമരുന്നു മാഫിയയുടെ പിടിയില്‍
1415752
Thursday, April 11, 2024 5:33 AM IST
മഞ്ചേരി : ഒരിടവേളക്ക് ശേഷം മഞ്ചേരി മുള്ളമ്പാറ വീണ്ടും മയക്കുമരുന്നു മാഫിയയുടെ പിടിയിലമരുന്നു. പ്രദേശയത്തെ യുവാക്കളെയും കൗമാരക്കാരെയും മയക്കുമരുന്നു കെണിയിലകപ്പെടുത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ സംഘടിക്കുകയും മഹല്ല് ജാഗ്രത സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ ജാഗ്രതാ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പി.പി. ഹാരിസിനെ ഇക്കഴിഞ്ഞ ദിവസം ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചു.
വെള്ളിലയിലേക്ക് പോവുകയായിരുന്ന ഹാരിസിനെ ബൈക്കുകളില്‍ പിന്തുടര്ന്നെത്തിയ സംഘം വള്ളിക്കാപ്പറ്റയില്‍ വച്ച് തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റ ഹാരിസിനെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിതസക്കായി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. 2022 ഡിസംബര്‍ 30ന് മുള്ളമ്പാറയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു.
ഇതേ സംഘത്തിലെ ആളുകള്‍ തന്നെയാണ് അക്രമിച്ചതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മങ്കട പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും മതിയായ നടപടിയില്ലാത്തതാണ് മയക്കുമരുന്നു മാഫിയക്ക് തണലാകുന്നത്. അക്രമികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുമെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.എം. നാസര്‍ പറഞ്ഞു.
2019ല്‍ പ്രദേശത്ത് ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ സംഘടിച്ചിരുന്നു. ജാതി,മത,രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറ്റിവച്ച് ഈ പൊതുവിപത്തിനെതിരേ നാട്ടുകാര്‍ 2019 നവംബറില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് ബോധവത്ക്കരണങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. നാട്ടുകാരായ അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, മുന്‍മന്ത്രി ടി.കെ. ഹംസ, കെപിസിസി മെംബര്‍ പറമ്പന്‍ റഷീദ് എന്നിവരായിരുന്നു ജാഗ്രതാ സമിതിയുടെ രക്ഷാധികാരികള്‍.
സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ മയക്കുമരുന്നു കച്ചവടക്കാര്‍ പത്തിമടക്കി. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ഡൗണും വന്നതോടെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. വീണ്ടും മയക്കുമരുന്നു മാഫിയ വീണ്ടും തലപൊക്കി. 2022 സെപ്റ്റംബറില്‍ ജാഗ്രത സമിതി വീണ്ടും സജീവമാകേണ്ടി വന്നു.
ഇത്തവണ 25 അംഗ ജാഗ്രത സമിതിയുണ്ടാക്കി മുള്ളമ്പാറയെ ആറു മേഖലകളാക്കി തിരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങളാരംഭിച്ചു. മേഖലകളിലെ രക്ഷിതാക്കളെയും കുട്ടികളെയും യുവാക്കളെയും വിളിച്ചു ചേര്‍ത്ത് ഉദ്ബോധന ക്ലാസുകള്‍ നടത്തി. പി.കെ. നജീബ്, സി. മോഹന്‍ദാസ്, പി.പി. ഹാരിസ്, എന്‍.ടി. ഫൈസല്‍ ബാബു, പി. ഷംസുദ്ദീന്, മഠത്തില്‍ ഹമീദ്, പി. സഫീര്‍, ടി.എം. ശിഹാബ്, സി.ടി. ജലീല്‍ തുടങ്ങി ഒരു കൂട്ടം ചെറുപ്പക്കാര്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചു.
ഒക്ടോബര്‍ രണ്ടിന് ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ അണിചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ റാലി ഏറെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗായിരുന്നു ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ പല യുവാക്കളും മാഫിയയുടെ ചട്ടുകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
അഭിഭാഷകരുടെയും ഡോക്ടര്‍മാരുടെയും സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളിലാണ് ഇവരുടെ സഞ്ചാരം. ഒരേ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് പല വാഹനങ്ങളിലും ഇവര്‍ എത്തുന്നതായും മയക്കുമരുന്നുകളും മാരകായുധങ്ങളുമായി ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ അക്രമകാരിയായ ഒരു നായയെയും കൊണ്ടു നടന്നിരുന്നു. എക്സൈസും പോലീസും നിസംഗത വെടിഞ്ഞു നടപടി സ്വീകരിക്കുകയാണാവശ്യം.