പെരുന്നാള്‍ പ്രാര്‍ഥനാ നിര്‍ഭരമായി ആഘോഷിച്ചു
1415749
Thursday, April 11, 2024 5:33 AM IST
പെരിന്തല്‍മണ്ണ : വിശുദ്ധ റംസാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉള്‍കൊണ്ട് ജില്ലയില്‍ ചെറിയ പെരുന്നാള്‍ ഇസ്ലാം മതവിശ്വാസികള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
മസ്ജിദുകളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും ആയിരങ്ങളാണ് പ്രാര്‍ഥന നടത്തിയത്. ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ഈദ് പ്രഭാഷണത്തില്‍ സംസ്ഥാന സെക്രട്ടറി പ്രഫ. ഹാരിസ്ബിന്‍ സലീം ആഹ്വാനം ചെയ്തു.
സാഹോദര്യവും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപിടിക്കേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നു വിസ്മരിക്കരുത്. വിശ്വാസ വിമലീകരണവും സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റംസാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം.
ആഘോഷവും ആരാധന കര്‍മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുതെന്നു അദ്ദേഹം പറഞ്ഞു.
ഫാസിസവും ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാധ്യതയാണെന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. ആനമങ്ങാട് എഎല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ ഷൗക്കത്തലി ഏടത്തനാട്ടുകര, താഴേക്കോട് ഷാലിമാര്‍ ഗ്രൗണ്ടില്‍ ഹസന് അന്‍സാരി, അങ്ങാടിപ്പുറം പുത്തനങ്ങാടി ടര്‍ഫില്‍ മൂസ സ്വലാഹി കാര, കൊളത്തൂര്‍ കിളിയമണ്ണില്‍ കോംപ്ലക്സ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വി.കെ. അബ്ദുള്‍ ഗഫൂര്‍ താഴേക്കോട്,
പുഴക്കാട്ടിരി ടര്‍ഫില്‍ സഹല്‍ അല്‍ഹികമി മങ്കട, കുരുവമ്പലം എഎംഎല്‍പി സ്കൂള്‍ ഗ്രൗണ്ടില്‍ ശാക്കിര്‍ സ്വലാഹി, പുലാമന്തോള്‍ കൈരളി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കെ.വി. മുഹമ്മദ് അലി സലഫി, എരവിമംഗലം സലഫി മസ്ജിദില്‍ റഷീദ് മഞ്ചേരി, വലമ്പൂര്‍ കുന്നത്തപ്പടി മില്ല് പരിസരത്ത് ടി.കെ. സിഹാജുദീന് എന്നിവര്‍ ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി.
വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മധുര വിതരണവും നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മഞ്ചേരി വിപി ഹാള്‍ മൈതാനിയില്‍ ഈദ്ഗാഹ് സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് നേതൃത്വം നല്കി.
മലപ്പുറം: മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നിസ്കാരത്തിന് ആയിരക്കണക്കിന് വിശ്വാസികളെത്തി.
രാവിലെ 7.30 ന് നടന്ന നിസ്കാരത്തിനും ഖുതുബക്കും സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാഡമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. പെരുന്നാള്‍ നിസ്കാര ശേഷം വിശ്വാസികള്‍ ഹസ്തദാനം നല്കി സന്തോഷം കൈമാറിയാണ് പിരിഞ്ഞു പോയത്.
ഒട്ടേറെ ഭിന്നശേഷി സുഹൃത്തുക്കളും പെരുന്നാളാഘോഷങ്ങളില്‍ പങ്കു ചേരാന്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദിലെത്തിയിരുന്നു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന് മഅദിന്‍ ഹോസ്പൈസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.