തുവൂര്‍ പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു
1415538
Wednesday, April 10, 2024 5:12 AM IST
കരവാരകുണ്ട്: തുവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജ്യോതിക്കെതിരേ മുസ്ലിം ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി.
യുഡിഎഫിലെ മുന്‍ ധാരണ പ്രകാരം 15 മാസത്തെ കാലാവധി പൂര്‍ത്തീകരിച്ചിട്ടും കോണ്‍ഗ്രസ് പ്രതിനിധിയായ പി.ടി. ജ്യോതി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്നാണ് ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 17 ല്‍ 17 സീറ്റും യുഡിഎഫ് നേടിയ തുവൂര്‍ ഗ്രാമപഞ്ചായത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്.
2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ അഞ്ച് വര്‍ഷത്തില്‍ ഇടയ്ക്കുള്ള 15 മാസം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്‍കുമെന്നായിരുന്നു യുഡിഎഫിലെ ധാരണ. ഇതുപ്രകാരം കോണ്‍ഗ്രസ് പ്രതിനിധിയായ പി.ടി. ജ്യോതിയെ ഈ കാലയളവില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഏപ്രില്‍ അഞ്ചിനു രാജിവയ്ക്കുമെന്നായിരുന്നു ധാരണ.
എന്നാല്‍ ജ്യോതി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതായതോടെയാണ് ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് യോഗം ചേരാനും കോണ്‍ഗ്രസ് തയാറായില്ലന്നും പറയപ്പെടുന്നു.
അതേ സമയം കോണ്‍ഗ്രസ് പ്രതിനിധിയായ ജ്യോതി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് ലീഗ് പ്രതിനിധിയായ ടി.എ. ജലീല്‍ വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവച്ചിട്ടില്ല. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ മുസ്ലിം ലീഗിന് പത്തും കോണ്‍ഗ്രസിന് ഏഴും സീറ്റുകളാണുളളത്.