പൊടിശല്യം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് നവീകരണം തടഞ്ഞു
1415532
Wednesday, April 10, 2024 5:12 AM IST
വണ്ടൂര്‍: ചെറിയപെരുന്നാള്‍ വിഷു തിരക്കുകള്‍ കാരണം ഗതാഗത കുരുക്കു ഏറിയതോടെ കൂരിക്കുണ്ട് ഭാഗം പൊടിയില്‍ മലിനമായി. ഇതേ തുടര്‍ന്ന് വണ്ടൂര്‍ കാളികാവ് റോഡ് നവീകരണ പ്രവൃത്തി തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
മാസങ്ങളോളമായി റോഡ് പൊളിച്ചിട്ട ശേഷം ഇന്നലെയാണ് ഈ ഭാഗത്ത് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചത്. ഇനി വിഷുവിനു ശേഷം റോഡ് പ്രവൃത്തി നടത്തിയാല്‍ മതിയെന്ന ആവശ്യമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.നാഷണല്‍ ഹൈവേ അഥോറിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.
കൂരിക്കുണ്ട് ജംഗ്ഷനില്‍ മാസങ്ങളോളമായി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഈ ഭാഗത്ത് പൊടിശല്യം രൂക്ഷമായിരുന്നു. ചെറിയപെരുന്നാള്‍ അടുത്തതോടെ അങ്ങാടികളില്‍ വലിയതോതിലുള്ള തിരക്ക് പ്രകടമായിട്ടുണ്ട്.
ഈ സമയം നോക്കിയുള്ള റോഡ് പ്രവൃത്തി വന്‍ ഗതാഗത കുരുക്കിനിടയാകും എന്നതിനാലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് പ്രവര്‍ത്തകരെത്തി മഞ്ചേരി റോഡില്‍ റോഡ് ഉയര്‍ത്തുന്നതടക്കമുള്ള പ്രവൃത്തികള്‍ തടഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.കെ. അഫ് ലഹ്, സി.പി. സിറാജ്, ജയ്സല്‍ എടപ്പറ്റ, വി.എസ്. അനില്‍, പി. സല്മാന് തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ റോഡ് നവീകരണ പ്രവൃത്തി തല്ക്കാലം നിര്‍ത്തിയതായും വിഷുവിന് ശേഷം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.