ഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻ
1397000
Sunday, March 3, 2024 4:52 AM IST
മലപ്പുറം: ഐടിഐകളില്‍ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തി ആധുനിക കോഴ്സുകള്‍ക്കൊപ്പം പാരമ്പര്യ കോഴ്സുകൾക്കും പ്രാധാന്യം നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പഠനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന രീതിയിലാണ് ഐടിഐകളിലെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊന്നാനി ഐടിഐ യുടെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങൾക്ക് കാത്ത് നിൽക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം നൽകി ഓരോ മനുഷ്യനെയും സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2.19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൊന്നാനി ഐടിഐയുടെ കെട്ടിടത്തിനോടൊപ്പം 3.10 കോടി രൂപ ചിലവഴിച്ച് നിർമിച്ച കണ്ണൂർ മാടായി ഐടിഐയുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി മന്ത്രി നിർവഹിച്ചു. ഇഴുവത്തിരുത്തി ഐടിഐയിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, ഒ.ഒ. ഷംസു, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, നഗരസഭാ പ്രതിനിധികൾ, ജില്ലാ പട്ടികജാതി വികസന ഓഫീസർ മണികണ്ഠൻ, പൊന്നാനി നഗരസഭാ പട്ടിക വികസന ഓഫീസർ റിയാസ്, ഐടിഐ പ്രിൻസിപ്പല്‍ എ.പ്രീത തുടങ്ങിയവർ പങ്കെടുത്തു.