ഇടതുപക്ഷ സ്ഥാനാര്‍ഥി ആനിരാജയുടെ റോഡ് ഷോക്ക് നിലമ്പൂരില്‍ സ്വീകരണം നല്കി
1396999
Sunday, March 3, 2024 4:52 AM IST
നിലമ്പൂര്‍: ഇടതുപക്ഷ സ്ഥാനാര്‍ഥി ആനിരാജയുടെ റോഡ് ഷോക്ക് നിലമ്പൂരിന്റെ വിവിധ മണ്ഡലങ്ങളില്‍ സ്വീകരണം നല്കി. വണ്ടൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് ശേഷമാണ് നിലമ്പൂരിനടുത്ത് വടപുറത്ത് പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് നിലമ്പൂര്‍ മണ്ഡലത്തിലേക്ക് ആനയിച്ചത്.
നൂറുകണക്കിന് മോട്ടോര്‍ ബൈക്കുകളുടേയും മറ്റു വാഹനങ്ങളുടേയും അകമ്പടിയോടുകൂടിയാണ് അവര്‍ തുറന്ന വാഹനത്തില്‍ വടപുറത്തെത്തിയത്. തുടര്‍ന്ന് ചുവന്ന ഷാള്‍ അണിയിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. നിലമ്പൂര്‍ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തു. മറ്റു വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂര്‍ ടൗണിലെത്തി. നിരവധി സ്ത്രീകളടക്കമുള്ളവര്‍ സ്ഥാനാര്‍ഥിയെ കാണാനായി റോഡരികിലെത്തിയിരുന്നു.
വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും വോട്ടര്‍മാര്‍ക്കും കൈകൊടുത്താണ് അടുത്ത സ്വീകരണസ്ഥലത്തേക്ക് പോയത്. നിലമ്പൂര്‍ ചന്തക്കുന്ന്, മുക്കട്ട, കരുളായി, മൂത്തേടം, എടക്കര എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ശനിയാഴ്ചത്തെ റോഡ് ഷോ സമാപിച്ചു. ശനിയാഴ്ച രാത്രി നിലമ്പൂരില്‍ തങ്ങുന്ന സ്ഥാനാര്‍ഥി ഞായറാഴ്ച വിവിധ കേന്ദ്രങ്ങളില്‍ പോയി പൗരപ്രമുഖരടക്കമുള്ളവരെ കാണുമെന്നറിയുന്നു.
പി.വി. അന്‍വറിന് പുറമെ സി.പി.ഐ. നേതാവ് പി.പി. സുനീര്‍, സി.പി.എം. നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷന്, ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, വനിതാ ഭാരവാഹികള്‍ തുടങ്ങിയവരും സ്വീകരണത്തിനെത്തിയിരുന്നു.