ഹാഷിഷ് ഓയില്‍ കടത്ത്: പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
1396631
Friday, March 1, 2024 5:10 AM IST
മഞ്ചേരി : മാരക ലഹരി മരുന്നായ കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതിക്ക് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
വയനാട് മേപ്പാടി വിത്തുക്കാട് പാമ്പനാല്‍ ബാബു (52)വിനെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു.
2022 ഓഗസ്റ്റ് അഞ്ചിനാണ് ഇയാള്‍ മയക്കു മരുന്നു സഹിതം പിടിയിലാകുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സി.കെ. നൗഷാദ് ആണ് അങ്ങാടിപ്പുറം മുതുവറ വിഷ്ണു ക്ഷേത്ര പരിസരത്ത് വച്ച് പ്രതിയെ പിടികൂടിയത്.
ഇയാളില്‍ നിന്നും 1.034 കിലോഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ അങ്ങാടിപ്പുറം വലമ്പൂര്‍ ഏറാംതോട് കൂരിമണ്ണില്‍ സിദ്ദീഖ് (54)നെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.അറസ്റ്റിലായ ദിവസം മുതല്‍ നാളിതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് എട്ട് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 37 രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. എസ്.ഐ. സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍.