മഞ്ഞപ്പിത്തം: രോഗികള്‍ക്ക് ആശുപത്രിയില്‍ സേവനം ലഭിക്കുന്നില്ലെന്ന്
1396318
Thursday, February 29, 2024 5:02 AM IST
എടക്കര: മഞ്ഞപ്പിത്തം രൂക്ഷമായ പോത്തുകല്ലില്‍ രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭിക്കുന്നില്ലെന്നു ആക്ഷേപം. പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ വൈകുന്നേരം നാല് മണിക്ക് രോഗികളെ പുറത്തിറക്കി ആശുപത്രി അടയ്ക്കാന്‍ ശ്രമം നടന്നു. ഫ്ളൂയിഡ് കയറ്റിയത് തീരുന്നതിനു മുമ്പേ ഇവ ഊരിയിട്ടായിരുന്നു കുട്ടികളടക്കമുള്ള രോഗികളെ ജീവനക്കാര്‍ പുറത്തിറക്കിയത്.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ രാവിലെ പതിനൊന്ന് മണിക്ക് ഡ്യൂട്ടിക്ക് കയറിയ തങ്ങള്‍ക്ക് നാലു മണിവരെ മാത്രമേ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഈ സമയത്തും ഒ.പി വിഭാഗത്തിലേക്ക് രോഗികള്‍ എത്തുന്നുണ്ടായിരുന്നു.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആശുപത്രിയിലെത്തുകയും അഞ്ചു മണിവരെ ഡോക്ടര്‍ രോഗികളെ പരിശോധിക്കുകയും ചെയ്തു. നാലു ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ടു പേരുടെ സേവനം മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം മറ്റൊരു ഡോക്ടറുടെ സേവനവും ലഭിക്കുന്നുണ്ട്.
എന്നാല്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഒരുമാസം മുമ്പു ഇവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ ട്രെയിനിംഗിനായി പോവുകയും ചെയ്തിരുന്നു.
അധികൃതരുടെ ജാഗ്രതക്കുറവാണ് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണം. ഇതിനിടയിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നത്.