അമൃത് ഭാരത് പദ്ധതി; നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1395909
Tuesday, February 27, 2024 6:56 AM IST
നിലമ്പൂര്‍/ അങ്ങാടിപ്പുറം: നിലമ്പൂര്‍ റോഡ് റെയില്‍വേ ഭൂപടത്തില്‍ ഇടം നേടിയതായി പി.വി. അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. രാജ്യത്താകമാനമുള്ള അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വികസനം നിലമ്പൂര്‍ സ്റ്റേഷനിലേക്കും എത്തുന്നതിന്റെ തെളിവാണ് നിലമ്പൂര്‍ സ്റ്റേഷനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ നിലമ്പൂര്‍ഷൊര്‍ണൂര്‍ പാതയിലെ 80 കിലോമീറ്റര്‍ വേഗത എന്നത് 110 കിലോമീറ്റര്‍ ആക്കുകയെന്നത് ലക്ഷ്യമാണ്.
അതേസമയം നിലമ്പൂര്‍ റോഡ് ഒരിക്കലും സ്വകാര്യമേഖലയ്ക്ക് കൈമാറരുതെന്നും അബ്്ദുള് വഹാബ് എംപി ആവശ്യപ്പെട്ടു. നേരത്തെ നിലമ്പൂര്‍ സ്റ്റേഷനില്‍ സ്റ്റേഷന് മാസ്റ്റര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
സ്റ്റേഷന് വികസന പ്രവര്‍ത്തനത്തിനു മുന്‍തൂക്കം നല്കുന്ന അമൃത് ഭാരത് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിലമ്പൂരില്‍ 8.03 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിലവില്‍ എന്തെല്ലാം ആവശ്യങ്ങളാണുള്ളതെന്നും ഭാവിയില്‍ എന്തെല്ലാം വേണ്ടിവരുമെന്നുമുള്ള കാഴ്ചപ്പാടിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
അമൃത് സ്റ്റേഷന് പദ്ധതി സ്കൂള്‍ വിദ്യാര്‍ഥികളിലേക്കെത്തിക്കുക എന്നതിന്റെ ഭാഗമായി നിലമ്പൂര്‍ മേഖലയിലെ വിവിധ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും അബ്ദുള്‍ വഹാബ് എംപി നിര്‍വഹിച്ചു. എം.പി. അബ്ദുസമദ് സമദാനി എംപി, മഞ്ഞളാംകുഴി അലി എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ചടങ്ങുകള്‍ നടന്നത്.
13.76 കോടി രൂപ ചെലവിട്ട് നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ശിലാഫലക അനാച്ഛാദനം സമദാനി എംപി നിര്‍വഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സയീദ, വാര്‍ഡ് മെംബര്‍ രത്നകുമാരി, പാലക്കാട് റെയില്‍വേ ഡിവിഷന് സേഫ്റ്റി ഓഫീസര്‍ മുരളീധരന് തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങില്‍ പൂന്താനം സ്മാരക കലാക്ഷേത്രയിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശാസ്ത്രകലാ മത്സരങ്ങളില്‍ വിജയികളായ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യാഥാര്‍ഥ്യമാക്കുന്നത്. ജില്ലയില്‍ കുറ്റിപ്പുറം സ്റ്റേഷനിലും വികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു