എരഞ്ഞിമങ്ങാട് സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം
1395908
Tuesday, February 27, 2024 6:56 AM IST
നിലമ്പൂര്‍: അരനൂറ്റാണ്ട് പിന്നിടുന്ന എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് പിടിഎയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു വര്‍ഷത്തെ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.എ. കരീം നിര്‍വഹിച്ചു. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന് നിര്‍വഹിച്ചു.
സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി അധ്യക്ഷത വഹിച്ചു. സിനിമാതാരം കലാഭവന്‍ നവാസ് മുഖ്യാതിഥിയായിരുന്നു. ഒരു വര്‍ഷത്തെ ആഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍, സാംസ്കാരിക സദസുകള്‍, കവിയരങ്ങ്, പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍, ഫുട്ബോള്‍ ടൂര്‍ണമെന്റ്, കലാസന്ധ്യകള്‍ എന്നിവ നടത്തും. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ധനസമാഹരണം ചാലിയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ അനുയാത്ര ഡേ കെയര്‍ സെന്ററിന് സ്ഥലം കണ്ടെത്തി നല്കാന് വിനിയോഗിക്കും. നാലകത്ത് വീരാന്‍കുട്ടി ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിലേക്ക് ആദ്യ സംഭാവന നല്കി. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെയും സ്ഥലം മാറിപ്പോയ അധ്യാപകരെയും ആദരിച്ചു.
തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ ഗാനസന്ധ്യയും അരങ്ങേറി. ജനപ്രതിനിധികളായ ഗീതാദേവദാസ്, തോണിയില്‍ സുരേഷ്, സുമയ്യ പൊന്നാങ്കടവന്, സഹില്‍ അകമ്പാടം, സീനത്ത് നൗഷാദ്, പി.ടി. ഉസ്മാന്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് റസാഖ്, വൈസ് പ്രിന്‍സിപ്പല്‍ റോഷ്നി ജോ, ചാവക്കാട് ഡിഇഒ. സോണി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.