ഫാ.വര്‍ഗീസ് മുഴുത്തേറ്റിനെ അനുസ്മരിച്ചു
1395901
Tuesday, February 27, 2024 6:56 AM IST
മലപ്പുറം: മദ്യനിരോധന സമിതി സംസ്ഥാന മുന്‍ പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റിനെ മലപ്പുറം കളക്ടറേറ്റിന് സമീപം ചേര്‍ന്ന പൊതുയോഗത്തില്‍ അനുസ്മരിച്ചു. ലഹരിക്കെതിരേ, പ്രത്യേകിച്ചും മദ്യത്തിനെതിരേയുള്ള പോരാട്ടത്തില്‍ ജീവിതം സമര്‍പ്പിച്ച ത്യാഗിവര്യനായിരുന്നു ഫാ. മുഴുത്തേറ്റ് എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്മാന് കാരാട്ട് ഓര്‍മിച്ചു.
ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നു പറഞ്ഞു മറ്റു പലതും ധൃതി പിടിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രധാനപ്പെട്ട മദ്യനിരോധനം എന്തുകൊണ്ടു നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഖദീജ നര്‍ഗീസ് അധ്യക്ഷയായിരുന്നു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, ഡോ. വിന്‍സെന്റ് മാളിയേക്കല്‍, എ.പി. ഹംസ, പി.വി. ഉമ്മര്‍, റസാഖ് കൊളങ്ങരത്തൊടി, മൊയ്തീന് കുട്ടി കടവത്ത്, ഇയ്യച്ചേരി പത്മിനി, സഹീര്‍ താനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.