മലയോര കര്‍ഷക സംരക്ഷണ നിയമം ആവശ്യം: കേരള കോണ്‍ഗ്രസ്
1395640
Monday, February 26, 2024 1:20 AM IST
പെരിന്തല്‍മണ്ണ: വനത്തോട് ചേര്‍ന്നു ജീവിക്കുന്ന മനുഷ്യരുടെ ജീവനും കൂടി സംരക്ഷണം ലഭിക്കുന്ന രീതിയില്‍ മലയോര കര്‍ഷക സംരക്ഷണ നിയമമായി പുതിയ നിയമം ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന 10 ലക്ഷം രൂപയ്ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപയും കൂടി വര്‍ധിപ്പിച്ചു നഷ്ടപരിഹാരത്തുക 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പുവരുത്തണമെന്നും യോഗം ഇരു സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു.
വനംവകുപ്പ് മന്ത്രിസ്ഥാനം അടിയന്തരമായി സിപിഎം ഏറ്റെടുക്കുകയും പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കണ്ടെത്തുകയും വേണം. നൂറുശതമാനം വിജയം ഉണ്ടാകുന്ന എസ്എസ്എല്‍സി ബോര്‍ഡ് പരീക്ഷ ഗവണ്മെന്റിന് സാമ്പത്തിക ബാധ്യത കുറയ്ക്കാനും കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും വേണ്ടെന്നു വയ്ക്കുകയും പന്ത്രണ്ടാം ക്ലാസില്‍ മാത്രം ബോര്‍ഡ് പരീക്ഷ നടപ്പാക്കുകയും ചെയ്യുന്ന രീതി നടപ്പാക്കുന്നതായിരിക്കും ഉചിതമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നിയോജക മണ്ഡലങ്ങളില്‍ വിജയം ഉറപ്പുവരുത്താന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ ക്രമാതീതമായി ചൂടു ഉയരുന്നതിനാല്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും മുന്നില്‍ കണ്ട്. സര്‍ക്കാര്‍
പഞ്ചായത്ത്, വില്ലേജ്തല ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ആലിക്കുട്ടി എറക്കോട്ടില്‍, കെ.എം. ഇഗ്നേഷ്യസ്, കെ.വി. ജോര്‍ജ്, പി.കെ. മാത്തുക്കുട്ടി, സതീഷ് വര്‍ഗീസ്, വിന്‍സി അനില്‍, ഏബ്രാഹം കുര്യന്, എ.ജെ. ആന്റണി, സിദ്ധാനന്തന് വള്ളിക്കുന്ന്, തോമസ് ടി. ജോര്‍ജ്, നിതിന്‍ ചാക്കോ, കെ.എം ജോഷ്വ, സി.എ തോമസ്, സജേഷ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.