കരുവാരകുണ്ടിൽ കവർച്ചയും തട്ടിപ്പും വ്യാപകമാകുന്നു
1394960
Friday, February 23, 2024 7:44 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിലും പരിസരങ്ങളിലും മോഷണവും തട്ടിപ്പും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിലെ പലചരക്ക് കട കുത്തിതുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തിൽ പരം രൂപ മോഷണം പോയതായി കടയുടമ പൂക്കാട്ടുതൊടിക അക്ബറലി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കരുവാരകുണ്ട് പോലീസും മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചെങ്കിലും പ്രതിയെ പറ്റി സൂചനയൊന്നും ലഭിച്ചിട്ടില്ല.
കെട്ടിട നിർമാണ സാമഗ്രികൾ പണിസ്ഥലങ്ങളിൽ നിന്നും വ്യാപകമായി മോഷണം നടത്തുന്ന സംഘങ്ങളും വർധിച്ചു വരുന്നു. കരുവാരകുണ്ടിലെ ചെറുകിട കരാറുകാരെയാണ് കവർച്ചാസംഘം ലക്ഷ്യമിടുന്നത്. കെട്ടിട നിർമാണ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ജാക്കി, സ്പാൻ, ഇരുമ്പു തൂൺ, കമ്പികൾ, ഷീറ്റ് മുതലായവയാണ് വ്യാപകമായി മോഷ്ടിച്ച് കടത്തിക്കൊണ്ടു പോകുന്നത്. കടത്തിക്കൊണ്ടുപോകുന്ന വസ്തുക്കൾ ചില ഗുഡ്സ് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ ആക്രി കച്ചവടക്കാർക്കാണ് വില്പന നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കരുവാരകുണ്ട് ടൗണിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽ നിന്നും നാല് ലക്ഷത്തോളം രൂപയുടെ ആക്രി സാധനങ്ങൾ കരാറുകാരൻ കൊങ്ങമല ബിജുവിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റേതു തന്നെയാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കൾ. കാർഷികോല്പന്നങ്ങളുടെ മോഷണവും വ്യാപകമായിട്ടുണ്ട്. മോഷ്ടാക്കളിൽ കൂടുതലും കൗമാരക്കാരാണ്. അടയ്ക്ക, നാളികേരം, റബർ, കൊക്കോ, ജാതി, ഗ്രാമ്പൂ,ഏലം തുടങ്ങിയ വിവിധയിനം വസ്തുക്കൾ വ്യാപകമായി മോഷണം പോവുന്നതും പതിവായിട്ടുണ്ട്.
റബർഷീറ്റു മുതൽ ഒട്ടുപാൽ വരെ മോഷണം പോകുന്നുണ്ട്. കുറഞ്ഞ അളവിലായതുകൊണ്ട് വാങ്ങിക്കുന്ന കടക്കാർക്ക് സംശയത്തിനിട നൽകുകയുമില്ല. കുറഞ്ഞ അളവിൽ മോഷണം പോവുന്നത് കൊണ്ട് ഉടമസ്ഥരുടെ ശ്രദ്ധയിൽ പെട്ടെന്ന് വരികയുമില്ല. സ്ഥിരമായ എണ്ണക്കുറവ് വരുമ്പോൾ മാത്രമാണ് ചിലരെങ്കിലും മോഷണം ശ്രദ്ധിക്കുന്നത്. മോഷണം കണ്ടുപിടിച്ച് പരാതിപ്പെട്ടാൽ തന്നെ ബന്ധുക്കളും അയൽവാസികളും കൂട്ടുകാരുടെ മക്കളും മക്കളുടെ കൂട്ടുകാരുമെല്ലാമാകുമെന്നതിനാൽ കേസൊഴിവാക്കി താക്കീത് നൽകി വിട്ടയക്കേണ്ടി വരികയാണ്.
മോഷണത്തിന് പുറമെ വിവിധ തരം ഓൺലൈൻ തട്ടിപ്പുകളിലും കൗമാരക്കാർ സജീവമാണ്. ചില ഓൺലൈൻ ബിസിനസുകളുടെ മറപിടിച്ചാണ് ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്നത്. തട്ടിപ്പിനിരയാകുന്നവർ മാനഹാനി കാരണം പുറത്തറിയിക്കാത്തതും ഇവർക്ക് തണലാവുകയാണ്. പിടിച്ചുപറിക്കേസുകളിലും കൗമാരക്കാരുടെ സാന്നിധ്യം ഏറിയിട്ടുണ്ട്. മാല പൊട്ടിക്കൽ കേസിലും ഇത്തരക്കാർ ഉൾപ്പെടുന്നുണ്ട്. ഇതിനായും സാമൂഹ്യ മാധ്യമങ്ങൾ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.