മഞ്ചേരി മെഡിക്കല്‍ കോളജില്‍ മോക്ഡ്രില്ലും അഗ്നിരക്ഷാ പരിശീലനവും
1394690
Thursday, February 22, 2024 4:40 AM IST
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ മോക്ഡ്രില്ലും ജീവനക്കാര്‍ക്ക് അഗ്നിരക്ഷാ പരിശീലനവും നല്കി. മഞ്ചേരി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കുന്നതിന് പകരം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ കോളജ് ജീവനക്കാരെ ബോധവത്ക്കരിക്കാനാണ് അഗ്നിരക്ഷാ സേന മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ആശുപത്രിയില്‍ തീപിടിത്തമോ മറ്റു അപകടങ്ങളോ ഉണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ചായിരുന്നു പരിശീലന ക്ലാസ്.
ആശുപത്രിയിലും മെഡിക്കല്‍ കോളജിലും സ്ഥാപിച്ച അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ട രീതി പരിചയപ്പെടുത്തി. തീ അണയ്ക്കുന്ന യന്ത്രം ഉപയോഗിച്ച് തീ അണയ്ക്കുന്നതിന്റെ മാതൃകയും അവതരിപ്പിച്ചു. മൈക്രോബയോളജി ലക്ചറല്‍ ഹാളില്‍ നടന്ന പരിശീലനം വൈസ് പ്രിന്‍സിപ്പല്‍ ടി.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മഞ്ചേരി അഗ്നിരക്ഷാ നിലയം ഓഫീസര്‍ പ്രദീപ് പാമ്പലത്ത് അധ്യക്ഷനായിരുന്നു. ഫയര്‍ റെസ്ക്യൂ ഓഫീസര്‍മാരായ എം.വി. അനൂപ്, എന്‍. മെഹ്ബൂബ് റഹ്മാന് എന്നിവര്‍ ക്ലാസെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസര്‍ സി. പ്രജിത, നഴ്സിംഗ് ഓഫീസര്‍ സി.ടി. മുസൈബത്ത്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സി. അയ്യപ്പ കുമാര്‍, പിആര്‍ഒ പി.അയ്യുബ് റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.