’മികവുത്സവം’ സാക്ഷരതാ പരീക്ഷ പൂര്‍ത്തിയായി: പ്രായം കൂടിയ പഠിതാവ് 105 വയസുകാരി കുഞ്ഞിപ്പെണ്ണ്
1377560
Monday, December 11, 2023 1:32 AM IST
മങ്കട: കേരള സാക്ഷരതാ മിഷന് നടപ്പാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ’ ഉല്ലാസ് ’ സാക്ഷരതാ പരീക്ഷ മികവുത്സവം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി.
പാങ്ങ് ജിഎല്‍പി സ്കൂളില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് 105 വയസുകാരി കുഞ്ഞിപ്പെണ്ണിന് ചോദ്യപേപ്പര്‍ നല്കി മഞ്ഞളാംകുഴി അലി എംഎല്‍എ മികവുത്സവം ഉദ്ഘാടനം ചെയ്തു. പഠിതാക്കളായ കുഞ്ഞിപ്പെണ്ണിനെയും കെ.ടി കദിയക്കുട്ടിയെയും ചടങ്ങില്‍ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു.കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറമോള്‍ പാലപ്ര അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം മുഖ്യപ്രഭാഷണം നടത്തി.
മങ്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, ബ്ലോക്ക് അംഗം ഒ. മുഹമ്മദ്കുട്ടി, ജിഎല്‍പി സ്കൂള്‍ അധ്യാപകന് കെ.ടി. അബ്ദുള്‍ മജീദ്, സാക്ഷരത മിഷന് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീന്‍കുട്ടി, എൻ.പി. മുഹമ്മദലി, വി. ഷണ്മുഖൻ, കെ.വി. അലി, കെ.ടി. സാജിദ, സാക്ഷരത മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ്, നോഡല്‍ പ്രേരക് കെ.പി. ഉമ്മു ഹബീബ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ 8137 നവസാക്ഷരരാണ് 283 കേന്ദ്രങ്ങളിലായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവത്തില്‍ പങ്കെടുത്തത്. ഇവരില്‍ 6640 പേര് സ്ത്രീകളും 1533 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 1936 പേര് പട്ടികജാതിക്കാരും 353 പേര് പട്ടികവര്‍ഗക്കാരും ഉള്‍പ്പെടും.
72 പഞ്ചായത്തുകളിലും 10 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കിയത്. 841 സന്നദ്ധ അധ്യാപകരുടെ സേവനം വഴിയാണ് ക്ലാസുകള്‍ നടത്തിയത്. പഠിതാക്കളില്‍ 105 വയസുള്ള പാങ്ങിലെ കുഞ്ഞിപ്പെണ്ണ് ഉയര്‍ന്ന പ്രായമുള്ള പഠിതാവാണ്. 15 വയസുകാരിയായ മൂത്തേടത്തെ ഷാഹിന കുറഞ്ഞ പ്രായക്കാരിയും.