പതിനേഴുകാരിയെ പീഡിപ്പിച്ച 47 കാരനു ഒമ്പതു വര്‍ഷം തടവ്
1375156
Saturday, December 2, 2023 1:38 AM IST
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഒമ്പതു വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പന്തല്ലൂര്‍ ചിറ്റത്തുപാറ ഉടുമ്പത്തു പടിപുളിക്കല്‍ അയോത്ത് മുനീറി (47) നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി 2 ജഡ്ജി എസ്.ആര്. സിനി ശിക്ഷിച്ചത്. 2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
പതിനേഴുകാരിയെ പ്രതി നിരന്തരം മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയച്ച് പിന്തുടരുകയും പിന്നീട് പാണ്ടിക്കാട് ടൗണില്‍ എത്തിയപ്പോള്‍ ഭക്ഷണം വാങ്ങി നല്‍കാമെന്നു പറഞ്ഞ് വാനില്‍ കയറ്റി മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പാണ്ടിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. നാല് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവിനും ശിക്ഷിച്ചു. പാണ്ടിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന അമൃതരംഗന് രജിസ്റ്റര്‍ ചെയ്ത് കേസില്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.എ. അരവിന്ദനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പിഴയടക്കുന്ന പക്ഷം 50,000 രൂപ അതിജീവിതക്ക് നല്‍കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കവിത ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.