ജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍
1375154
Saturday, December 2, 2023 1:38 AM IST
മലപ്പുറം: 34ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍ എട്ടു വരെ കോട്ടക്കല്‍ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എടരിക്കോട് പികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി നടക്കും.
16 പ്രധാനവേദികളും 22 ക്ലാസ് റൂം വേദികളിലുമായാണ് കലോത്സവം അരങ്ങേറുക. 17 ഉപജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വേദി- 1 തസ്രാക്ക്, വേദി-2 ചിലമ്പൊലി, വേദി-3 പാദമുദ്ര, വേദി-4 മോഹനം, വേദി-5 ബൈത്തില്ല, വേദി-6 ശാകുന്തളം, വേദി-7 തേനിശല്, വേദി-8 ചാരുകേശി, വേദി-9 മൊസാര്‍ട്ട്, വേദി-10 മിര്‍ താകി മിര്‍, വേദി 11-മെഹ്ഫില്‍, വേദി-12 ദര്‍ബാരി, വേദി-13 ഗാലിബ്, വേദി-14 കുമ്മാട്ടി, വേദി-15 ഭവപ്രകാശ, വേദി-16 ബിലഹരി.
പ്രധാനവേദികള്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും രചനാമത്സരങ്ങള്‍ പികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ബാന്‍ഡ് മേളം ക്ലാരി ഗവണ്മെന്റ് യുപി സ്കൂളിലുമായിരിക്കും.മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിച്ചു രാത്രി 10 മണിയോടുകൂടി സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സമാപന സമ്മേളനം എട്ടിനു വൈകുന്നേരം ഏഴിനു നടത്താനാണ് തീരുമാനം. പരിപാടിയുടെ നടത്തിപ്പും മത്സരങ്ങളുടെ വിധിനിര്‍ണയവും കുറ്റമറ്റതാക്കുന്നതിനു സംസ്ഥാനത്തെ മികച്ച ജഡ്ജ്മെന്റ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു.
പരിപാടിയിൽ ഒന്നാം തിയതി അപ്പീല്‍ എന്‍ട്രികള്‍ അനുവദിക്കുകയും രണ്ടിനു രജിസ്ട്രേഷന് നടത്തുകയും ചെയ്യും. നാലിനു വൈകുന്നേരം മൂന്നിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന് പങ്കെടുക്കും.
ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ എം.കെ. റഫീഖ, കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.ഹനീഷ തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, കോട്ടക്കല്‍ മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ ഹനീഷ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ബഷീര്‍ രണ്ടത്താണി, പി.കെ.സി. അബ്ദുറഹ്മാന്, വി.കെ.എം. ഷാഫി, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് പി.ടി. അബ്ദു, കൗണ്‍സിലര്‍മാരായ മുഹമ്മദലി, മൊയ്തീന്‍കുട്ടി, കബീര്‍, സനില പ്രവീണ്‍, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ രമേഷ്കുമാര്‍, സാജിദ് മങ്ങാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.