നവകേരള സദസ് പുതിയ കാല്‍വയ്പ്: മുഖ്യമന്ത്രി
1374687
Thursday, November 30, 2023 7:17 AM IST
മലപ്പുറം: നവകേരള സദസ് ഒരു പുതിയ കാല്‍വയ്പ് ആണെന്നും സംസ്ഥാനത്തും രാജ്യത്തും ജനാധിപത്യ സംവിധാനത്തിലും പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
നവകേരള സദസിന്റെ ഭാഗമായി മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ നടന്ന പ്രഭാത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. അഞ്ചുവര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങേണ്ടവരല്ല സര്‍ക്കാര്‍.
തെരഞ്ഞെടുപ്പിനു ശേഷം നമ്മള് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ നമുക്ക് വേണ്ടി എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നത് ആവിഷ്കരിച്ചത്. പ്രകടനപത്രികയില്‍ പറഞ്ഞതില്‍ വിരലിലെണ്ണാവുന്ന ഒഴിച്ച് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കി പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ജനങ്ങളെ അറിയിച്ചു. ജനം അതു അംഗീകരിച്ചു. നാട് നേരിടുന്ന പ്രശ്നങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് നവകേരള സദസിന്റെ ലക്ഷ്യം. സഹായിക്കേണ്ടവരുടെ ഭാഗത്തു നിന്നു തടസങ്ങള്‍ ഉണ്ടാകുന്നു. കേന്ദ്രം പല കാര്യങ്ങളിലും സഹായകരമായ നിലപാടല്ല സ്വീകരിക്കുന്നത്.
ഭരണനിര്‍വഹണത്തിന്റെ സ്വാദ് ജനങ്ങള്‍ കൃത്യമായി അനുഭവിക്കണം. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കിയും തീരുമാനങ്ങളും നയങ്ങളും വേഗത്തില്‍ നടപ്പാക്കുകയുമാണ് അതിന് വേണ്ടത്. അതിന്റെ ഭാഗമായി ഫയല്‍ അദാലത്ത്, പരാതിപരിഹാര അദാലത്ത് തുടങ്ങി നിരവധി പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കി. നാടിന്റെ വികസനത്തിനായി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതുണ്ട്. അതിനായാണ് നവകേരള സദസിന്റെ ഭാഗമായി ഇത്തരത്തില്‍ പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.