കൗണ്‍സിലറുടെ രാജിയെച്ചൊല്ലി മഞ്ചേരി നഗരസഭാ യോഗത്തിൽ ബഹളം
1340192
Wednesday, October 4, 2023 7:40 AM IST
മഞ്ചേരി: നഗരസഭ 49-ാം വാർഡ് കൗണ്‍സിലറും സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ പി.വിശ്വനാഥന്റെ രാജിയെ ചൊല്ലി കൗണ്‍സിൽ യോഗത്തിൽ ബഹളം. പദ്ധതി ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക് പോരുണ്ടായത്.
കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് പ്രതിഷേധം. ക്ഷേത്രത്തിലെ വഴിപാട് തുക കവർന്ന കൗണ്‍സിലർ രാജിവയ്ക്കണമെന്ന് എഴുതിയ ബാനർ പിടിച്ചാണ് യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ ഹാളിലെത്തിയത്.
രാജി ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലർ യാഷിഖ് മേച്ചേരി പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിൻമേലുള്ള ചർച്ചയിലാണ് എൽഡിഎഫ് - യുഡിഎഫ് കൗണ്‍സിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായത്. ക്ഷേത്രത്തിലെ വഴിപാട് തുക വ്യാജരസീത് ഉപയോഗിച്ച് ഒരു കൗണ്‍സിലർ തട്ടിയെടുത്തത് ബാക്കിയുള്ള 49 കൗണ്‍സിലർമാർക്കും അപമാനമെന്നും പ്രമേയം ഐക്യകണ്ഠേന പാസാക്കണമെന്നും യാഷിഖ് മേച്ചേരി പറഞ്ഞു.
എന്നാൽ ആരോപണം തെളിയുന്നതുവരെ വിശ്വനാഥൻ കൗണ്‍സിലറായി തുടരട്ടെയെന്നും കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും എൽഡിഎഫ് അംഗം മരുന്നൻ സാജിദ് ബാബു മറുപടി നൽകി. സിപിഎം പാർട്ടി അംഗത്വത്തിൽ നിന്ന് വിശ്വനാഥനെ സസ്പെൻഡ് ചെയ്തതായും വിശദീകരിച്ചു. കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രമേയത്തെ അനുകൂലിക്കുന്നവർ കൈ ഉയർത്തണമെന്ന് ചെയർപേഴ്സണ്‍ വി.എം. സുബൈദ ആവശ്യപ്പെട്ടു. യുഡിഎഫിലെ എല്ലാ അംഗങ്ങളും അനുകൂലിച്ചതോടെ പ്രതിപക്ഷ വിയോജിപ്പോടെ പ്രമേയം പാസാക്കി. മഞ്ചേരി കരുവന്പ്രം വിഷ്ണു കരിങ്കാളി ക്ഷേത്രത്തിൽ വഴിപാട് അസിസ്റ്റന്റായാണ് സിപിഎം നേതാവ് ജോലി ചെയ്തിരുന്നത്.