വീട് ഇടിഞ്ഞു വീഴുമെന്ന ഭീതിയിൽ അന്തിയുറങ്ങാൻ കഴിയാതെ ഒരു കുടുംബം
1339721
Sunday, October 1, 2023 7:49 AM IST
അങ്ങാടിപ്പുറം: മഴ കനത്തതോടെ വീട്ടിൽ അന്തിയുറങ്ങാനാകാത്ത അവസ്ഥയിലാണ് അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര കുതിരപ്പാലം തോടിന് സമീപം താമസിക്കുന്ന പാതാരി താഴത്തേതിൽ മുഹമ്മദലിയും കുടുംബവും. വീടിന് സമീപത്തുള്ള തോടിന് ഭിത്തിയില്ലാത്തതിനാൽ മുഹമ്മദലിയുടെ വീടിന്റെ മുൻവശത്തെ മതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞ് തോട്ടിലേക്കു വീണു. ഇതോടെ ഏതു നിമിഷവും വീട് അപകടത്തിലാകുമെന്ന നിലയിലാണ് മുഹമ്മദാലിയും കുടുംബവും ഇവിടെ അന്തിയുറങ്ങുന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് വീടിന്റെ മുൻവശത്തെ മതിൽ ഇടിഞ്ഞു തോട്ടിലേക്ക് വീണത്. വീടിന്റെ മതിൽ ഇടിഞ്ഞതോടെ തോടിന് സമീപം താമസിക്കുന്ന മറ്റു വീട്ടുകാരും ഭീതിയിലാണ്.
കഴിഞ്ഞ ദിവസം മുതൽ ഈ വീട്ടുകാരെല്ലാം രാത്രിയിൽ ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണ്. തോടിന്റെ ഇരുവശവും കോണ്ക്രീറ്റ് ഭിത്തി നിർമിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്നാണ് ഇവരുടെ ആവശ്യം. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് ടീച്ചറും വാർഡംഗം താണിയൻ സലീനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകട ഭീഷണിയിലായ കുടുംബങ്ങൾക്ക് സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ വർഷമുണ്ടായ കനത്ത മഴയിലും മുഹമ്മദാലിയുടെ വീടിന്റെ മുൻവശം തകർന്നിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാൻ, പെരിന്തൽമണ്ണ ബ്ലോക്ക് മെംബർ നജ്മ തബ്സീറ, അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുമെന്നു ഉറപ്പു നൽകിയിരുന്നെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ല. തുടർന്നു മുഹമ്മദാലി സ്വന്തം നിലയ്ക്കു മതിൽ കെട്ടുകയായിരുന്നു.