മങ്കടയിൽ വിമുക്തി ശിൽപശാല സംഘടിപ്പിച്ചു
1339390
Saturday, September 30, 2023 1:33 AM IST
മങ്കട: പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മങ്കട നിയോജകമണ്ഡലം വിമുക്തി ശിൽപശാല മങ്കട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടത്തി. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലത്തിനു കീഴിലെ സ്കൂൾ, കോളജ് വിദ്യാർഥി പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ക്ലബ് പ്രവർത്തകർ, ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തകനും ഏകാംഗനാടക നടനുമായ അഷ്റഫ് മുന്ന തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ, കോളജ് അധ്യാപകർ, വിദ്യാർഥികൾ, ഭാരവാഹികൾ, യുവജനസംഘടന പ്രതിനിധികൾ തുടങ്ങി 150ലേറെ പേർ പങ്കെടുത്തു. പങ്കെടുത്ത പ്രതിനിധികളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു ചർച്ച നടത്തി.
തുടർന്നു നിർദേശങ്ങൾ ഗ്രൂപ്പ് ലീഡർമാർ അവതരിപ്പിച്ചു. അഷ്റഫ് മുന്നയുടെ ലഹരി വിരുദ്ധ ബോധവത്കരണ ഏകാംഗനാടകവും അരങ്ങേറി.