നാടുകാണിച്ചുരത്തിൽ മരം വീണു ഗതാഗതം തടസപ്പെട്ടു
1339376
Saturday, September 30, 2023 1:23 AM IST
എടക്കര:അന്തർസംസ്ഥാന പാതയായ നാടുകാണി ചുരം റോഡിലേക്ക് മരം വീണു രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. 2018-ൽ റോഡ് നിരങ്ങിനീങ്ങൽ പ്രതിഭാസമുണ്ടായ കല്ലള ഭാഗത്താണ് റോഡിലേക്ക് മരം വീണത്. ഇന്നലെ രാവിലെയാണ് സംഭവം.
പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. യാത്രക്കാർ നൽകിയ വിവരത്തെ തുടർന്ന് വഴിക്കടവ് പോലീസാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ വനം വകുപ്പുമെത്തി.
ഇരുവിഭാഗങ്ങൾ ചേർന്നാണ് മരം നീക്കം ചെയ്തത്. മരം കഷ്ണങ്ങളാക്കി മുറിച്ചുമാറ്റുന്നതിനിടെ വനം വകുപ്പിന്റെ വലിയ കത്തി മുറിഞ്ഞു. ഇതോടെ തടസം ഒഴിവാക്കുന്നത് ബുദ്ധിമുട്ടിലായി.
പിന്നീട് ഇതുവഴി വന്ന ലോറിയുടെ പിൻഭാഗത്ത് ഒരു ഭാഗം മുറിച്ചുമാറ്റിയ മരത്തടി കയറുകൊണ്ട് കെട്ടി വലിച്ചുമാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. പത്തരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.