ജില്ലാശുപത്രിയിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ സേവനം
1339368
Saturday, September 30, 2023 1:23 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനീയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റ് 110 ന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിൽ എൻഎസ്എസ് ദിനം മാനവ മൈത്രിവാരത്തിന്റെ ഭാഗമായി ആറു ദിവസത്തെ പുനർജനി പദ്ധതി വിജയകരമായി പൂർത്തീകരിച്ചു.
പ്രോഗ്രാം ഓഫീസർ കെ.ടി മുഹമ്മദ് റനീസിന്റെ നേതൃത്വത്തിൽ തൊണ്ണൂറിൽ പരം എൻഎസ്എസ് വോളണ്ടിയർമാരെ ഗ്രൂപ്പുകളായി തിരിച്ച് ആശുപത്രിയിലെ ഉപയോഗശൂന്യമായ ബെഡ്, ടേബിൾ, കസേര, സ്ട്രക്ചറുകൾ, ഫാൻ തുടങ്ങിയവയുടെ അറ്റകുറ്റപണികൾ തീർത്തു പെയിന്റിംഗ് നടത്തി ഉപയോഗപ്രദമാക്കി.
പൂർവ വിദ്യാർഥികളുടെ സഹകരണവുമുണ്ടായിരുന്നു. പുനർജനി പരിപാടിയുടെ സമാപനദിനത്തിൽ വിദ്യാർഥികൾക്ക് ക്ഷയരോഗത്തെക്കുറിച്ചുള്ള ബോധവത്കരണം നൽകി.
എട്ടര ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് പുനർജനിയിലൂടെ ഉപയോഗയോഗ്യമാക്കി ആശുപത്രി അധികൃതർക്ക് കൈമാറിയത്. ചടങ്ങിൽ ഡോ. ബിന്ദു, ആർഎംഒ ഡോ. റസാക്ക്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ടി. മുഹമ്മദ് അൻജൽ, പി.ഹന്ന തുടങ്ങിയവർ പ്രസംഗിച്ചു.