സാമൂഹികവിരുദ്ധർ കൃഷിയും കൃഷിസ്ഥലവും നശിപ്പിച്ചു
1337437
Friday, September 22, 2023 2:46 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് തിരുത്ത് പ്രദേശത്തെ പുലാമന്തോൾ പാടശേഖരത്തിൽ സാമൂഹികവിരുദ്ധർ കൃഷിയും കൃഷിസ്ഥലവും നശിപ്പിച്ചു.
നെൽകൃഷിക്ക് ആവശ്യമായ വെള്ളം കെട്ടിനിർത്തുന്നതിന് വേണ്ടിയുള്ള പാടവരന്പ് കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിൽ കയറിയ സാമൂഹികവിരുദ്ധർ വെട്ടി മുറിച്ച് വെള്ളം ഒഴിക്കി വിട്ടു. വെള്ളം ഒഴികിപ്പോയ ഏക്കർ കണക്കിന് സ്ഥലത്തെ നെൽകൃഷിയും കൃഷിസ്ഥലവും നശിച്ചു. മീറ്ററുകളോളം വിവിധ ഇടങ്ങളിൽ പാടവരന്പ് മുറിച്ചാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാട്ടം നടത്തിയത്.
പറിച്ചു നടപെട്ട ഞാറ് കുത്തിയൊഴുകി വന്ന വെള്ളത്തിൽ ഒഴുകിപ്പോയി. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി ചെയ്യുന്ന കൃഷിയെ ഇത്തരത്തിൽ നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരേ കർശനടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ചെറൂത്ത് മുഹമ്മദ്, വട്ടി പള്ളിയാലിൽ കുഞ്ഞിമുഹമ്മദ്, തോട്ടുംപള്ളത്ത് വാസു, കാഞ്ഞിരക്കടവത്ത് മമ്മുണ്ണി എന്നിവരുടെ കൃഷിയും കൃഷി സ്ഥലവുമാണ് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടത്തിൽ നശിച്ചത്.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, വികസന സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സണ് ടി. സാവിത്രി, കൃഷി അസിസ്റ്റന്റ് രൂപേഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പെരിന്തൽമണ്ണ പോലീസിൽ സ്റ്റേഷനിൽ ബന്ധപ്പെട്ടവർ പരാതി നൽകി. കൃഷി മന്ത്രിക്കും കൃഷി ഓഫിസർക്കും പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു.