നിലന്പൂർ ഉപജില്ലാ കലാ ഉത്സവിന് കൊടിയേറി
1337238
Thursday, September 21, 2023 7:29 AM IST
നിലന്പൂർ: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ ഉത്സവിന്റെ നിലന്പൂർ ഉപജില്ലാതല മേള നിലന്പൂർ ബിആർസിയിൽ ഉദ്ഘാടനം ചെയ്തു.
തദ്ദേശീയ കലാരൂപങ്ങളെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുകയും കലാവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം ദേശീയ കലാഉത്സവ് സംഘടിപ്പിക്കുന്നത്.
പരന്പരാഗത കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സന്പന്നമായ ഭൂതകാല പാരന്പര്യത്തെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചുമുള്ള അവബോധം സെക്കൻഡറി വിദ്യാർഥികളിൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്‍പതു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കലാ ഉത്സവിൽ പങ്കെടുക്കുന്നത്. വോക്കൽ മ്യൂസിക്, ഉപകരണ സംഗീതം, നൃത്തം, വിഷ്വൽ ആർട്സ്, തദ്ദേശീയ കളിപ്പാട്ട നിർമാണം, സോളോ ആക്ടിംഗ് ഉൾപ്പെടെ 10 ഇനങ്ങളിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുക്കുന്നത്.
നിലന്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് പങ്കെടുത്തത്. നിലന്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പ്രേമാനന്ദ് കലാ ഉത്സവ് ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബിപിസിഎം. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ടി.പി. രമ്യ, എം.പി. ഷീജ, എ. ജയൻ, സുനിൽകുമാർ, സൈനുദ്ദീൻ, നജീബ്, ഷീജ, ഒ.പി. ബിന്ദു എന്നിവർ നേതൃത്വം നൽകി. ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായ കുട്ടികൾ ഒക്ടോബർ മാസത്തിൽ ജില്ലാതലത്തിൽ നടക്കുന്ന കലാ ഉത്സവിലും ജില്ലാതലത്തിൽ ഒന്നാംസ്ഥാനത്തിന് അർഹരാകുന്ന കുട്ടികൾ സംസ്ഥാനതല കലാ ഉത്സവവിലും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരാകുന്ന കുട്ടികൾ ദേശീയതല കലാ ഉത്സവിലും പങ്കെടുക്കും.