പെരിന്തൽമണ്ണയിൽ മാധ്യമ ശിൽപശാല ഇന്ന്
1337237
Thursday, September 21, 2023 7:29 AM IST
പെരിന്തൽമണ്ണ: പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാല ഇന്നു പെരിന്തൽമണ്ണയിൽ നടക്കും.
രാവിലെ 9.30 ന് പെരിന്തൽമണ്ണ ഹൈടണ് ഹോട്ടലിൽ പദ്മശ്രീ പുരസ്കാര ജേതാവ് ബാലൻ പൂതേരി ഉദ്ഘാടനം ചെയ്യും. പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ പ്രസ് ഫോറം പ്രസിഡന്റ് എ. രാധാകൃഷ്ണൻ, സെക്രട്ടറി ടി.ജെ. ജെയിംസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
സാന്പത്തിക സാക്ഷരതാ കൗണ്സിലർ പി.വി. രാമൻകുട്ടി, "കേന്ദ്ര ഗവണ്മെന്റ് പദ്ധതികൾ: ഒരു അവലോകനം' എന്ന വിഷയത്തിൽ ആദ്യസെഷൻ നയിക്കും. തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ അശോക് ശ്രീനിവാസ് ’വികസനോൻമുഖ മാധ്യമ പ്രവർത്തനവും ഒരു ജൻ ആന്ദോളൻ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
"മാധ്യമ പ്രവർത്തന രംഗത്തെയും സാമൂഹിക മാധ്യമങ്ങളിലെയും പുത്തൻ പ്രവണതകൾ' എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ എൻ.പി സി. രഞ്ജിത് സംസാരിക്കും. പിഐബി കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള മാധ്യമ യൂണിറ്റുകളെക്കുറിച്ചു വിവരിക്കും. കേരളത്തിലെ വിവിധ മാധ്യമ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ പ്രസംഗിക്കും.
തുടർന്ന് കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവയ്ക്കും. കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകർക്ക് അറിവുപകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി ശിൽപശാലകൾ ഇത്തരം സംഘടിപ്പിക്കുന്നത്. പെരിന്തൽമണ്ണ പ്രസ് ഫോറം, സിബിസി പാലക്കാട് ഓഫീസ് എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ശിൽപശാലയിൽ കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ കെ.വൈ ഷാമില സ്വാഗതം പറയും.