നിലന്പൂർ ബസ് സ്റ്റാൻഡിൽ മലിനജലം കെട്ടിക്കിടക്കുന്നു നടപടിയെടുക്കാതെ നഗരസഭ
1336999
Wednesday, September 20, 2023 7:55 AM IST
നിലന്പൂർ: നിലന്പൂർ ബസ് സ്റ്റാൻഡിലെ മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയിൽ യാത്രക്കാർ. ബസ് ജീവനക്കാരും കച്ചവടക്കാരും ഇതേ ഭീഷണി തന്നെ നേരിടുകയാണ്. എന്നാൽ മാസങ്ങളായിട്ടും നടപടിയെടുക്കാതെ നിസംഗത ഭാവിക്കുകയാണ് നഗരസഭാധികൃതർ.
ഇതേ തുടർന്ന് ബസുകൾ ബസ് സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് ബസ് ഉടമകൾ നോട്ടീസ് നൽകും. നിലന്പൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിലന്പൂർ ടൗണിലെ ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റ് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മൂന്ന് മാസമായി. ദുർഗന്ധം വമിച്ച് യാത്രക്കാരും ബസ് ജീവനക്കാരും കച്ചവടക്കാരും പൊതുജനങ്ങളും മൂക്ക് പൊത്തിപിടിച്ചാണ് ബസ് സ്റ്റാൻഡിലേക്ക് കയറുന്നതും മടങ്ങുന്നതും.
നിപ വൈറസ് വ്യാപനവും പകർച്ചവ്യാധി പിടിപെടുന്ന ഭീതിയിലുമാണ് ജനങ്ങൾ. ബസ് സ്റ്റാൻഡിൽ ശുചിത്വം വേണമെന്നാവശ്യപ്പെട്ടും ബസ് സ്റ്റാൻഡ് യാർഡിലെ കുഴികൾ അടക്കണമെന്നാവശ്യപ്പെട്ടും ടൗണ് ബസ് സ്റ്റാൻഡ് ബഹിഷ്കരിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ യോഗം തീരുമാനിച്ചു. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വരികയും പോകുകയും ചെയ്യുന്ന ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റുകൾ വൃത്തിഹീനമായി കിടക്കുകയാണ്. മഴക്കാലമായതിനാൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്ന സ്ഥിതിയാണെന്നും അടിയന്തരമായി ശാശ്വത പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ശൗചാലയ ടാങ്കിൽ നിന്ന് മലിനജലം ഒഴുകുന്നത് സംബന്ധിച്ച ഫോട്ടോകളും മാധ്യമ വാർത്തകൾ അടക്കം വന്നതിന്റെ കോപ്പികൾ ഉൾപ്പെടെ പരാതി ജില്ലാ കളക്ടർക്ക് നൽകി സ്റ്റാൻഡ് ബഹിഷ്കരണ നോട്ടീസ് നഗരസഭ സെക്രട്ടറിക്ക് നൽകും.
ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ നിയാസ് ചാലിയാർ, ഷൗക്കത്തലി ഉള്ളാട്ട് പറന്പൻ, കെ.ടി. മെഹബൂബ്, ബാബു മന്പാട,് ഷെമീർ ബാബു, ജനീഷ് മോനുട്ടൻ, ഷിഹാസ് ബാബു എന്നിവർ പ്രസംഗിച്ചു. പ്രതിഷേധങ്ങൾ ശക്തമാകുന്പോഴും ഇക്കാര്യത്തിൽ മൗനത്തിലാണ് നഗരസഭ. മഴ മാറും വരെ ജനങ്ങൾ ഇതു സഹിക്കേണ്ടി വരുമെന്ന നിലപാടാണ് അധികൃതർക്ക്.
നിലവിലെ ടാങ്ക് പാടത്തായതിനാൽ മഴ മാറിയ ശേഷം കോണ്ക്രീറ്റ് ടാങ്ക് നിർമിക്കുമെന്നും മറ്റ് പോംവഴിയില്ലെന്നും നഗരസഭ ചെയർമാൻ മട്ടുമ്മൽ സലീം പറഞ്ഞു.