ജയിലിലെ തടവുകാർക്കു ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
1301216
Friday, June 9, 2023 12:27 AM IST
മങ്കട: ജയിലിൽ കഴിയുന്ന തടവുകാർക്ക് കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങി ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതിയെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മങ്കട വെള്ളില ആയിരനാഴിപ്പടി മുരിങ്ങാപറന്പിൽ ബിജേഷ് (29)നെയാണ് മങ്കട ഇൻസ്പെക്ടർ വിഷ്ണു, എസ്ഐ ഉദയൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരനാഴിപ്പടിയിൽ മങ്കട പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ബിജേഷ് ഓടിച്ചു വന്ന കാർ പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവും ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ എടവണ്ണ കൊലപാതക കേസിൽ തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് മയക്കുമരുന്ന് എത്തിക്കുന്നതായി പ്രതി സമ്മതിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിലെ ശുചിമുറിയിൽ ഒളിപ്പിച്ച ലഹരിവസ്തുക്കൾ അസുഖമെന്ന വ്യാജേന ജയിലിൽ നിന്നും ആശുപത്രിയിലെത്തിക്കുന്ന പ്രതികൾ കൈക്കലാക്കി ജയിലിൽ കൊണ്ടു പോകുകയാണെന്നും തെളിഞ്ഞു. ഇതിനായി കൊലപാതക കേസിലെ പ്രതി അനസിന്റെ കാർ ലഹരി കടത്തിനായി ഉപയോഗിക്കുന്നതായും പ്രതി സമ്മതിച്ചു.
ജയിലിൽ കഴിയുന്ന പ്രതികൾക്ക് ലഹരി എത്തിക്കുന്ന മാഫിയയെ കുറിച്ച് വിവരം ലഭിച്ചതായും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മങ്കട ഇൻസ്പെക്ടർ വിഷ്ണു പറഞ്ഞു. അന്വേഷണ സംഘത്തിൽ എഎസ്ഐ ഫൈസൽ കപൂർ, എസ്സിപിഒ, അംബിക, സുഹൈൽ, സുജിത്, നവീൻ, വി.ആർ.അനീഷ്, റീന എന്നിവരുണ്ടായിരുന്നു.