ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നില്ല; യുഡിഎഫ് പ്രതിഷേധം ശക്തമാക്കി
1301210
Friday, June 9, 2023 12:27 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിഷേധ പരിപാടികൾ ശക്തമാക്കി യുഡിഎഫ്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച വൈകിട്ട് സമരപ്രഖ്യാപന കണ്‍വെൻഷനും തിങ്കളാഴ്ച്ച രാവിലെ പത്തിന് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും നടത്തുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം 43 പേർക്കാണ് കരുവാരകുണ്ടിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ ഹോട്ട്സ്പോട്ടായി തുടരുന്ന കരുവാരക്കുണ്ടിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരാകട്ടെ കരുവാരക്കുണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തോട് അവഗണന കാണിക്കുകയാണ്. കിടത്തി ചികിൽസ തുടങ്ങണമെന്ന വർഷങ്ങളായുള്ള ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയാണ്. ആവശ്യമായ ജീവനക്കാരില്ലാത്തതും പ്രതിസന്ധി തീർക്കുന്നുണ്ട്. ഇത്രയേറെ രോഗവ്യാപനമുണ്ടായിട്ടും സർവ്വകക്ഷി യോഗം വിളിച്ച് ചേർത്ത് പ്രതിരോധം ഉൗർജിതമാക്കാൻ ഗ്രാമപ്പഞ്ചായത്ത് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ ഡിഎംഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പോലും ആരെയും അറിയിക്കാതെ നടത്തിയിട്ടുള്ളതാണ്. സാമുഹികാരോഗ്യകേന്ദ്രത്തിലെ അപാകതകൾ പരിഹരിക്കാൻ എ.പി. അനിൽകുമാർ എംഎൽഎ മുഖേന നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കും. സംസ്ഥാന സർക്കാരും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും പുലർത്തുന്ന അനാസ്ഥക്കെതിരെ വെള്ളിയാഴ്ച്ച വൈകിട്ട് ഏഴിന് യുഡിഎഫ് സമര പ്രഖ്യാപന കണ്വെൻഷൻ നടത്തും.
തിങ്കളാഴ്ച്ച രാവിലെ 10ന് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ചും നടത്തുമെന്ന് യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുഡിഎഫ് ചെയർമാൻ എൻ.കെ.ഹമീദ് ഹാജി, കണ്‍വീനർ എൻ.ഉണ്ണീൻകുട്ടി, വി.ഷബീറലി, എം.കെ.മുഹമ്മദാലി, എം.പി.വിജയകുമാർ, പി.കെ.നാസർ തുടങ്ങിയവർ പങ്കെടുത്തു.