നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേ ഇഴഞ്ഞു നീങ്ങുന്നു ; പിന്നിൽ രാഷ്ട്രീയ വടംവലിയെന്നു സൂചന
1301208
Friday, June 9, 2023 12:27 AM IST
നിലന്പൂർ: ഫണ്ട് ഉണ്ടായിട്ടും മലയോര ഹൈവേയുടെ നിർമാണം ഇഴയുന്നതിന് പിന്നിൽ രാഷ്ട്രീയ ചേരിപ്പോരെന്ന് സൂചന. മലയോര ഹൈവേ യഥാർത്ഥ്യമാക്കാൻ ഏറെ ആവേശത്തോടെ മുന്നിട്ടിറങ്ങിയ രാഷ്ട്രീയക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ ഒരു അടി പിന്നോട്ട് നിൽക്കുന്നുണ്ടോ എന്ന സംശയവും ബലപ്പെടുന്നതായാണ് നാട്ടുകാരുടെ അഭിപ്രായം. പി.കെ. ബഷീർ എംഎൽഎയുടെ അധ്യക്ഷതയിൽ ചാലിയാർ പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ മുൻപ് നടത്തിയ യോഗത്തെ തുടർന്ന് ഭൂമിയുടെ സർവേ ഉൾപ്പെടെ വേഗത്തിൽ പൂർത്തിയാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കി ടെൻഡർ നടപടി ഉൾപ്പെടെ തുടങ്ങാനും 2023 മധ്യത്തോടെ നിർമാണം ആരംഭിക്കാനുമായിരുന്നു നീക്കം. സർവേയുടെ ഭാഗമായി 24 കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ച് നീക്കേണ്ടി വരുമെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, പിന്നീട്, ഇക്കാര്യത്തിൽ കെട്ടിട ഉടമകളുമായി ഒരു ചർച്ച പോലും നടന്നില്ല. നഷ്ടപരിഹാരം തിട്ടപ്പെടുത്തി പണം ലഭിച്ചാൽ മാത്രമേ കെട്ടിടങ്ങൾ പൊളിച്ചുനീക്കു എന്ന നിലപാട് കെട്ടിട ഉടമകൾ സ്വീകരിച്ചു. എന്നാൽ ഇതിന് പരിഹാരം കാണാൻ എംഎൽഎയുടെ ഭാഗത്ത് നിന്നോ ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗത്തു നിന്നോ കാര്യമായ ഇടപെടലുകൾ കണ്ടില്ല.
മലയോരഹൈവേയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചാലിയാർ പഞ്ചായത്തിൽ പ്രസിഡന്റ് പി. മനോഹരന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും പി.കെ. ബഷീർ എംഎൽഎ എത്താത്തതിനാൽ യോഗം തീരുമാനം എടുക്കാതെ പിരിയേണ്ടിവന്നു. മൈലാടി പാലം മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ 30 ശതമാനം മാത്രമേ ആയിട്ടുള്ളു എന്ന് മലയോരഹൈവേയുടെ ചുമതലയുള്ള കേരള റോഡ്സ് ഫണ്ട് വിഭാഗം പറയുന്നു.
മലയോരഹൈവേയുടെ കാര്യത്തിൽ രാഷ്ട്രീയ നേതൃത്വങ്ങൾ തികഞ്ഞ അലംഭാവം തുടരുകയാണെന്ന് ഇരുപക്ഷവും പര
സ്പരം പഴിചാരുകയാണ്. മൈലാടി മുതൽ നായാടംപൊയിൽ വരെയുള്ള മലയോര മേഖലയുടെ വികസന കുതിപ്പാകേണ്ട മലയോര ഹൈവേ നഷ്ടമാക്കരുതെന്ന കാര്യം ആരും മറക്കരുതെന്നാണ് ഭൂരിപക്ഷാഭിപ്രായം. നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്താതെ ഒന്നിച്ച് നിന്നാൽ ഈ മലയോര ഹൈവേ യാഥാർഥ്യമാക്കാൻ കഴിയുക തന്നെ ചെയ്യുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.