ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചു
1300471
Tuesday, June 6, 2023 12:24 AM IST
മലപ്പുറം: മലപ്പുറം ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിയമിച്ചു. നിലന്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി പാലോളി മെഹബൂബിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിയമിച്ചു.
കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. എടക്കര ബ്ലോക്ക്: ബാബു തോപ്പിൽ, നിലന്പൂർ: പാലോളി മെഹ്ബൂബ്, എടവണ്ണ; ഇ.എ കരീം, അരീക്കോട്: എ.ഡബ്ലിയു അബ്ദുറഹിമാൻ, വണ്ടൂർ: ഗോപാലകൃഷ്ണൻ, കാളികാവ് ജോജി അലക്സ്, മഞ്ചേരി: വല്ലാഞ്ചിറ ഹുസൈൻ, പാണ്ടിക്കാട്: ജോർജ് മാസ്റ്റർ, മലപ്പുറം: കെ.വി ഇഷ്ഹാഖ് ആനക്കയം, മൊറയൂർ: അജ്മൽ ആനത്താനം, കൊണ്ടോട്ടി: കബീർ നെടിയിരുപ്പ്, വാഴക്കാട്: മുജീബ്റഹ്മാൻ, വള്ളിക്കുന്ന്: ടി.ഐ വീരേന്ദ്രകുമാർ, തിരൂരങ്ങാടി: മോഹനൻ വെന്നിയൂർ, എടരിക്കോട്: ഖാദർ പെരുമണ്ണ, താനൂർ: ഹനീഫ മാസ്റ്റർ, പൊൻമുണ്ടം: ആർ. കോമുക്കുട്ടി, വേങ്ങര: വി.പി അബ്ദുൾ റഷീദ്, പറപ്പൂർ: നാസർ പറപ്പൂർ, തിരൂർ: എ. ഗോപാലകൃഷ്ണൻ, പെരുവള്ളൂർ: അബ്ദുൾ ഗഫൂർ പള്ളിക്കൽ, തിരുനാവായ: പി. നൗഷാദ്, പൊന്നാനി: മുസ്തഫ വടമുക്ക്, വെളിയങ്കോട്: പി.ടി അബ്ദുൾ ഖാദർ, കുറ്റിപ്പുറം: വിനു പുല്ലാനൂർ, കോട്ടക്കൽ: കക്കാടൻ ഷൗക്കത്തലി, തവനൂർ: ചുള്ളിയിൽ രവീന്ദ്രൻ, മംഗലം: സി.എം. പുരുഷോത്തമൻ മാസ്റ്റർ, മങ്കട: പി.രാജീവ്, അങ്ങാടിപ്പുറം: സി.പി അജിത്ത്, പെരിന്തൽമണ്ണ: അറഞ്ഞിക്കൽ ആനന്ദൻ, മേലാറ്റൂർ: പുഞ്ചിരി മജീദ്. നിലന്പൂരിൽ പാലോളി മെഹബൂബും കേന്പിൽ രവിയുമാണ് പട്ടികയിലുണ്ടായിരുന്നത്. നിലവിൽ നിലന്പൂർ നഗരസഭ പ്രതിപക്ഷ നേതാവാണ് പാലോളി മെഹബൂബ്. നിലന്പൂർ ഗവണ്മെന്റ് മാനവേദൻ സ്കൂളിൽ കെഎസ്യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ച പാലോളി തുടർന്ന് കെഎസ്യു ഏറനാട് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, മുനിസിപ്പൽ കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2000 ത്തിൽ സിപിഎമ്മിലെ എൻ. വേലുക്കുട്ടിയെ തോൽപ്പിച്ച് നിലന്പൂർ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ തുടർച്ചയായി നിലന്പൂർ നഗരസഭാംഗമാണ്. നിലന്പൂർ അർബൻ സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. എന്നും ആര്യാടൻ മുഹമ്മദിനൊപ്പം എ ഗ്രൂപ്പിൽ ഉറച്ചു നിന്ന നേതാവാണ് പാലോളി. 2020 ലെ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ എൽഡിഎഫിന്റെ സിറ്റിംഗ് ഡിവിഷനായ തെക്കുംപാടത്ത് അട്ടിമറി വിജയത്തിലൂടെ പാലോളി മെഹബൂബ് ജയിച്ച് കയറി. കോണ്‍ഗ്രസിലെ ജനകീയ നേതാവായാണ് പാലോളി മെഹബൂബ് അറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ സീനിയോറിറ്റി പരിഗണിച്ചാൽ കേന്പിൽ രവിക്കായിരുന്നു നറുക്ക് വീഴേണ്ടത്. ബ്ലോക്ക് പഞ്ചായത്തംഗം, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കേന്പിൽ രവി നിലവിൽ അമരന്പലം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ്. അമരന്പലം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയാതിരുന്നതും കേന്പിൽ രവിക്ക് തിരിച്ചടിയായി.എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ബാബു തോപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. എടക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. വണ്ടൂർ: തിരുവാലി സ്വദേശിയായ ഗോപാലകൃഷ്ണൻ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വരുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാകുന്നത്. റേഷൻ കടയുടമയായ ഇദ്ദേഹം ഓൾ കേരളറേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്.