ആദിവാസി ഭൂസമരത്തിനു പരിഹാരം കാണാനാകാതെ അധികൃതർ
1299577
Friday, June 2, 2023 11:52 PM IST
നിലന്പൂർ: 24 ദിവസമായി നിലന്പൂരിൽ തുടരുന്ന ആദിവാസി ഭൂസമരത്തിന് പരിഹാരം കാണാനാകാതെ അധികൃതർ. ലക്ഷ്യം നേടും വരെ പ്രക്ഷോഭമെന്ന മുദ്രാവാക്യവുമായി ആദിവാസി കൂട്ടായ്മ സമരം തുടരുന്നു. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമി എന്ന ആവശ്യവുമായാണ് ആദിവാസി കൂട്ടായ്മ നിലന്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്.
സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ, ജില്ലാ കളക്ടർ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞതോടെ സമരക്കാരുമായി ചർച്ച എന്നത് അടഞ്ഞ അധ്യായമായാണ് അധികൃതർ കാണുന്നത്. ആദിവാസി കൂട്ടായ്മ അവരുടെ ആവശ്യത്തിൽ ഇളവുവരുത്താൻ തയാറായാൽ മാത്രമേ ഇനി ചർച്ച എന്ന നിലപാടിലാണ് അധികൃതർ. ഐടിഡിപി ഓഫീസിനു മുന്നിലെ പരിമിതമായ സൗകര്യങ്ങളിലാണ് ആദിവാസി കൂട്ടായ്മ അവരുടെ നേതാവ് ബിന്ദു വൈലാശേരിയുടെ നേത്വത്വത്തിൽ സമരം തുടരുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതുമെല്ലാം സമരപന്തലിൽ തന്നെ. മഴ പെയ്താൽ സമരം തുടരണമെങ്കിൽ പന്തൽ കെട്ടേണ്ടി വരും. അല്ലെങ്കിൽ സമരസ്ഥലം മാറ്റേണ്ടി വരും. അനുകൂല സാഹചര്യമുണ്ടായാൽ സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു ഇനിയും ചർച്ച ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
അതിനിടെ ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് ആദിവാസികൾ സമര രീതിയിൽ മാറ്റം വരുത്തി. സമരത്തിൽ നിന്ന് ഉപവാസം ഒഴിവാക്കി നിലവിൽ നിരാഹാര സമരം മാത്രമാണ് നടത്തുന്നത്. ഉപവാസം നടത്തിയിരുന്ന ഗീത അരവിന്ദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ഉപവാസം നടത്തിയിരുന്ന ബിന്ദു വൈലാശേരിയെ ആശുപത്രിയിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സ കഴിഞ്ഞ് വീണ്ടും സമരപ്പന്തലിൽ നിരാഹാരത്തിലാണ്.