എട്ടാം ക്ലാസുകാർക്കു ‘ലിറ്റിൽ കൈറ്റ്സ് ’ അംഗമാകാൻ അപേക്ഷിക്കാം
1299571
Friday, June 2, 2023 11:52 PM IST
മലപ്പുറം: സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം.
അപേക്ഷകരിൽ നിന്നു നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 13ന് നടക്കും.
സ്കൂളുകളിൽ നിന്നു ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രധാനാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നു ചോദ്യങ്ങളുണ്ടാകും.
ക്ലബ്് അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ് വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കന്പ്യൂട്ടിംഗ്്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.
പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തിയുള്ള 3ഡി ആനിമേഷൻ തയാറാക്കൽ തുടങ്ങിയവയും പ്രധാന പ്രവർത്തനങ്ങളായിരിക്കും. ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ നിലവിൽ മലപ്പുറം ജില്ലയിലെ 6818 കുട്ടികൾ അംഗങ്ങളായുണ്ട്.