കാട്ടാനകൾ കൃഷി നശിപ്പിച്ചു
1299122
Thursday, June 1, 2023 12:42 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് പൊയ്്ലായിയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കപ്പ, വാഴ, കമുക് കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ എത്തിയ ചുള്ളി കൊന്പനാണ് വലിയതോതിൽ കൃഷിനാശമുണ്ടാക്കിയത്.
ആലുങ്ങത്തിൽ സലാം, മാവുങ്ങൽ സലീം, മാവുങ്ങൽ സക്കീന എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ച കന്പിവേലികൾ തകർത്താണ് കാട്ടാനകൾ കൃഷി നാശംവരുത്തിയത്. 90 വർഷത്തിലേറെയായ ഈ മേഖലയിൽ കാട്ടാനകൾ എത്തിയത് ഈ വർഷം മുതലാണെന്നും രണ്ടാം തവണയാണ് കൃഷി നശിപ്പിക്കുന്നതെന്നും സലാം ആലുങ്ങത്തിൽ പറഞ്ഞു.
200 കപ്പയാണ് സലാം ഇക്കുറി കൃഷി ചെയ്തത്. കൃഷിയിടത്തിൽ ഇനി അവശേഷിക്കുന്നത് പത്തിൽ താഴെ കപ്പകൾ മാത്രമാണെന്നും നൂറുക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് ആശങ്ക സൃഷിടിക്കുന്നതായും സലാം പറഞ്ഞു.
തന്റെ കൃഷിയിടത്തിലെ കന്പിവേലി തകർത്താണ് കാട്ടാന കൃഷി നശിപ്പിച്ചതെന്നു സലീം മാവുങ്ങൽ പറഞ്ഞു. മൊടവണ്ണ ഭാഗത്തേക്കാണ് കാട്ടാന കടന്നുപോയത്. ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനകൾ എത്തുന്നത് തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.