ഇരുട്ടുകുത്തി കോളനിക്കാർക്ക് പാലമായില്ല; വിദ്യാർഥികളുടെ യാത്ര കഠിനമാകും
1299119
Thursday, June 1, 2023 12:42 AM IST
നിലന്പൂർ: മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിൽ നിന്നു ചാലിയാറിനക്കരെ കടന്നാലുള്ള വിവിധ ആദിവാസി കോളനികളിലെ ആളുകൾക്ക് ഇക്കുറിയും സഞ്ചാരമാർഗം ദുരിതമാകും. ഇരുട്ടുകുത്തി, വാണിയന്പുഴ, കുന്പളപ്പാറ, തരിപ്പപ്പൊട്ടി, കുണ്ടംതോട് തുടങ്ങിയ കോളനിയിലെ വിദ്യാർഥികളടക്കമുള്ളവരാണ് മഴക്കാലം തുടങ്ങുന്നതോടെ ദുരിതത്തിലാകുന്നത്. 2018 ലെ പ്രളയത്തിലാണ് ഈ കോളനികളിലേക്കുണ്ടായിരുന്ന കോണ്ക്രീറ്റ് നടപ്പാലം തകർന്നത്. പല കോളനി വീടുകളും തകർന്നു. ഒരു കൂട്ടം ആദിവാസികൾ നിലവിലുണ്ടായിരുന്ന കോളനി സ്ഥലം വിട്ട് കുന്നിൻമുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടി താത്കാലികമായി താമസം തുടങ്ങി.
ഓരോ മഴക്കാലം വരുന്പോഴും ഭീതി കാരണം പഴയ സ്ഥലത്തേക്ക് പോകാനുള്ള ധൈര്യമുണ്ടായില്ല. ഈ പുതിയ സ്ഥലത്ത് മതി ഇനി തങ്ങൾക്ക് വീട് നിർമിക്കേണ്ടതെന്നു ആദിവാസികൾ ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് അനുമതി നൽകിയില്ല. അതിനാൽ എങ്ങുമില്ലാത്ത സ്ഥിതിയിലാണ് കോളനികളിലെ ആദിവാസികൾ. പ്രളയകാലത്ത് പലരുടേയും വീടുകൾ തകർന്നതിനാൽ സ്കൂൾ വിദ്യാഭ്യാസത്തിനു പുറത്ത് ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന കുട്ടികളിൽ പലരും തിരിച്ച് ആദിവാസി ഉൗരുകളിലേക്കു തന്നെ തിരിച്ചുപോന്നു. അതിൽ പലരും പിന്നീട് ഹോസ്റ്റലുകളിലേക്ക് പോയില്ല. പിന്നീട് കോളനിയുടെ പുഴക്കടവ് വരെ വേനൽക്കാലത്ത് ബസ് വരുമെന്നതിനാൽ കുട്ടികൾ ബസ് കയറി വീടുകളിൽ നിന്നു തന്നെ സ്കൂളുകളിലേക്ക് പോയിത്തുടങ്ങി.
ഇന്നു മുതൽ പുതിയ അധ്യയന വർഷം തുടങ്ങുന്നതിനാൽ കുട്ടികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഹോസ്റ്റലുകളിലേക്ക് തന്നെ തിരികെ പോകണമെന്നു ചില കുട്ടികൾക്ക് ആഗ്രഹമുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങേണ്ടെന്നു കരുതി ചിലർ ചേർന്നു കോളനിയിൽ പഠന കേന്ദ്രം തുടങ്ങിയിരുന്നു. വൈദ്യുതിയില്ലാത്തതിനാൽ പഠനം വേണ്ടത്ര കാര്യക്ഷമമല്ല. അതും താത്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയതാണ്. ഒരു അങ്കണവാടി കോളനിയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പുഴയിൽ വെള്ളം കുറവായതിനാൽ അസൗകര്യമില്ല.
എന്നാൽ മഴ തുടങ്ങിയാൽ ചാലിയാറിലെ ജല നിരപ്പുയരുന്നത് പ്രയാസമുണ്ടാക്കും. വെള്ളം കൂടിയാൽ ഉപയോഗിക്കാനുള്ള പുതിയ ചങ്ങാടവും പണി തീർത്തിട്ടില്ല. കഴിഞ്ഞ വർഷം വനസംരക്ഷണ സമിതിയുടെ ഫണ്ടുപയോഗിച്ചാണ് മുളകൊണ്ടുള്ള ചങ്ങാടം ഉണ്ടാക്കിയത്. ഇത്തവണ ഇതുവരെ അതുണ്ടാക്കിയിട്ടില്ല. മുന്പ് റവന്യു വകുപ്പ് ജീവനക്കാർ പിരിവെടുത്ത് താത്കാലിക പാലം നിർമിച്ചിരുന്നെങ്കിലും അതും അടുത്ത വർഷം ഒഴുകി പോവുകയായിരുന്നു. പട്ടിക വർഗവകുപ്പിന്റെ അനുമതിയും ഫണ്ടും ഇതുവരെ ലഭ്യമായിട്ടില്ല.