"സ്പർശം’ പദ്ധതിയിലൂടെ ശ്രദ്ധേയനായ വിദ്യാഭ്യാസ ഓഫീസർ പടിയിറങ്ങുന്നു
1298880
Wednesday, May 31, 2023 5:16 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സ്രാജുട്ടി മാസ്റ്റർ പടിയിറങ്ങുന്നു. മാതൃകാപരമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. " സ്പർശം’ പദ്ധതിയിലൂടെ പ്രശംസയും പിടിച്ചുപറ്റി.
കാൽനൂറ്റാണ്ടു കാലത്തെ സേവനത്തിനു ശേഷമാണ് സർവീസിൽ നിന്നു വിരമിക്കുന്നത്. കുന്നക്കാവ് ഗവണ്മന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുലാമന്തോൾ ഹയർ സെക്കൻഡറി സ്കൂൾ, തടത്തിൽപറന്പ്, ഇരിന്പിളിയം എന്നീ ഹയർ സെക്കൻഡറി സ്കൂളുകളിലും പത്തനംതിട്ടയിൽ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു. കുന്നക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപകനായിരിക്കെയാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചുമതലയിലേക്ക് മാറിയത്. കോവിഡാനന്തര കാലത്തെ വിദ്യാർഥികളുടെ പഠനാന്തരീക്ഷത്തിൽ വന്ന മാറ്റത്തെ മറികടക്കാൻ "സ്പർശം’ പദ്ധതി നടപ്പാക്കിയത് ശ്രദ്ധ നേടി.
ഈ പദ്ധതി കേരളത്തിനു മാതൃകയായി. മലപ്പുറം ജില്ലാ കളക്ടറുടെ അംഗീകാരത്തോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്പർശം പദ്ധതി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനാധ്യാപകനായിരിക്കെ കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസിയിൽ രണ്ടു തവണ നൂറുശതമാനത്തോടെ ചരിത്ര വിജയം നേടിയെടുക്കാനും സ്രാജുട്ടി മാസ്റ്റർക്കായി. ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വഴി തെളിയിച്ച വിജയഭേരി പദ്ധതിയുടെ ആദ്യകാല കോ-ഓർഡിനേറ്ററായും ചുമതല വഹിച്ചു.
സിസിആർടിയുടെ ജില്ലാ ട്രെയിനറായും ഏലംകുളം സോഷ്യോ എഡ്യുക്കേഷനൽ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായും കഴിവ് തെളിയിച്ചു. സംസ്കാരിക ജീവകാരുണ്യസന്നദ്ധ മേഖലകളിലും മുന്നിൽ നിന്ന് പ്രവർത്തിച്ച സ്രാജുട്ടി മാസ്റ്റർ മോട്ടിവേറ്റർ, കൗണ്സിലർ, കരിയർ ഗൈഡൻസ് പരിശീലകൻ എന്നീ നിലകളിലും സജീവമായിരുന്നു.ന്യൂനപക്ഷ, നഗര വികസന വകുപ്പ്മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയുടെ പഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചിരുന്നു.