വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
1298584
Tuesday, May 30, 2023 10:31 PM IST
മഞ്ചേരി: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂളമണ്ണ പുള്ളിപ്പാടം എടത്തൊടിക അനിൽകുമാറിന്റെ മകൻ അരവിന്ദ് (17) ആണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. തൂവൂർ നായാടിപ്പാറ തണ്ടുമ്മൽ ചിറയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ മഞ്ചേരി അഗ്നിരക്ഷാ സേനക്ക് വിവരമറിയിക്കുകയായിരുന്നു.
ഉടൻ അഗ്നിരക്ഷാനിലയ മേധാവി പ്രദീപ് പാന്പലത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ സ്കൂബാ വിദഗ്ധൻ മുഹമ്മദ് ഷിബിനും നിലന്പൂർ, മലപ്പുറം അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മഞ്ചേരി അഗ്നിരക്ഷാ സേനയിലെ ടി. അഖിൽ കുട്ടിയെ മുങ്ങിയെടുക്കുകയും മറ്റു സേനാംഗങ്ങളുടെ സഹായത്താൽ കരയിലേക്ക് എത്തിച്ചു കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് : നിമിഷ. സഹോദരൻ : സിദ്ധാർത്ഥ്.