വാർത്താശേഖരണത്തിനിടെ മാധ്യമ പ്രവർത്തകന് മർദനമേറ്റു: കാളികാവ് പോലീസ് കേസെടുത്തു
1297383
Friday, May 26, 2023 12:32 AM IST
കാളികാവ്: വാർത്താശേഖരണത്തിനിടെ മാധ്യമ പ്രവർത്തകന് മർദനമേറ്റു. കാളികാവ് പ്രസ് ക്ലബ്ബ് അംഗവും പ്രാദേശിക ചാനൽ, സിറാജ് പത്രം എന്നിവയുടെ റിപ്പോർട്ടറുമായ ശിഹാബ് മാളിയേക്കലിനാണ് മർദ്ദനമേറ്റത്. കാളികാവ് സ്വദേശിയും ബസാർ ജിയുപി സ്കൂൾ പിടിഎ പ്രസിഡന്റുമായ കുപ്പനത്ത് റഹ്മതുള്ളയ്ക്കെതിരേ കാളികാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കാളികാവ് ഗവ. ബസാർ യുപി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് മർദ്ദനം. തലക്ക്പരിക്കേറ്റ ശിഹാബ് കാളികാവ് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നേരത്തെ നൽകിയ വാർത്തയിൽ റഹ്മതുള്ളയുടെ പേര് കൊടുത്തില്ല എന്നതാണ് പ്രകോപനത്തിന് കാരണം. സംഭവം നടന്ന ചൊവ്വാഴ്ച രാവിലെ ശിഹാബിനെ ഫോണിൽ വിളിച്ച് ഭീഷണി പ്പെടുത്തുകയും ചെയ്തിരുന്നു. വാർത്താ ശേഖരണം നടത്തുന്നതിനിടെ മാധ്യമ പ്രവർത്തന് മർദ്ദനമേറ്റ സംഭവത്തിൽ കാളികാവ് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകനെ അക്രമിച്ചയാൾക്കെതിരെ നടപടിസ്വീകരിക്കണമെന്നും നിർഭയം ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് സി.എച്ച്. കുഞ്ഞിമുഹമ്മദ്, ശിഹാബുദ്ദീൻ കാളികാവ്, സി. ആബിദ്, ഉമ്മച്ചൻ കരുവാരക്കുണ്ട്, കെ. അത്തീഫ്, കെ. നിഷാന്ത്, തുടങ്ങിയവർ പ്രസംഗിച്ചു.