‘സർവേ പൂർത്തീകരിച്ച് ഉടൻ പട്ടയം നൽകണം’
1297382
Friday, May 26, 2023 12:32 AM IST
നിലന്പൂർ: ആദിവാസികൾക്ക് പതിച്ച് നൽകാനുള്ള ഭൂമിയുടെ സർവേ പൂർത്തികരിച്ച് ഉടൻ പട്ടയം നൽകണമെന്ന് ആവശ്യം. ഈ ആവശ്യമുന്നയിച്ച് ആദിവാസികൾ നിലന്പൂർ ഐടിഡിപി ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണയും നടത്തി. മാർച്ച് ഐടിഡിപി ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ഫ്രറ്റേർണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ദളിത് സമുദായ മുന്നണി നേതാവ് അനീഷ് നിലന്പൂർ അധ്യക്ഷത വഹിച്ചു.
ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്് എം.ആർ. ചിത്ര, സി.എം. അനിൽ, മണിക്കുട്ടൻ, അമ്മിണി വൈലാശ്ശേരി, ബാസിത് എന്നിവർ സംസാരിച്ചു. ഭൂരഹിതരായ 656 കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ നിലന്പൂർ തൃക്കൈക്കുത്ത്, ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ, ചുങ്കത്തറ പഞ്ചായത്തിലെ നെല്ലി പൊയിൽ എന്നിവിടങ്ങളിൽ കണ്ടെത്തി സർവേ പുർത്തികരിച്ച് ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പ് കരട് ലിസ്റ്റ് പ്രസദ്ധീകരിച്ച 275.13 ഏക്കർ ഭൂമിയുടെ പട്ടയങ്ങൾ കാലതാമസം കൂടാതെ ഉടൻ വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കറിൽ കുറയാത്ത ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മ ഐടിഡിപി ഓഫീസിന് മുന്നിൽ നടത്തുന്ന സമരം 16 ദിവസത്തിലേക്ക് കടന്ന ദിവസമാണ് മറ്റൊരു സമരത്തിന് കൂടി നിലന്പൂർ ഐടിഡിപി ഓഫീസ് സാക്ഷ്യം വഹിച്ചത്. നിലവിൽ 10, 20 സെൻറുകൾ വീതം വീതിച്ച് നൽകാമെന്ന സർക്കാർ നിലപാടിൽ സംതൃപ്തരാണെന്നും എന്നാൽ ഒരു വിഭാഗത്തിന് കൂടുതൽ ഭൂമി നൽകിയാൽ തങ്ങൾക്കും അധികഭൂമി വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.