16കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ
1297145
Wednesday, May 24, 2023 11:54 PM IST
മഞ്ചേരി : പതിനാറുകാരിയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എസ്. നസീറ നാളെ പ്രസ്താവിക്കും.
പശ്ചിമബംഗാൾ ബർധമാൻ ഖൽന ഗുഗുഡൻഗ സാദത്ത് ഹുസൈൻ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂൻ(16)ന്റെ പിതാവിന്റെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതി.
ജോലി ചെയ്ത വകയിൽ പ്രതിക്ക് ലഭിക്കാനുള്ള 12000 രൂപ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2018 സെപ്തംബർ 28ന് തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് പെണ്‍കുട്ടി കുടുംബ സമേതം വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്.
പ്രതി കിട്ടാനുള്ള പണം സംബന്ധിച്ച് ഏറെ നേരം സംസാരിച്ചു. തുടർന്ന് വാക്കുതർക്കം മൂത്ത് പ്രതി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് പെണ്‍കുട്ടിയെ പലതവണ കുത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 341 വകുപ്പ് പ്രകാരം തടഞ്ഞുവയ്ക്കൽ, 324 പ്രകാരം ആയുധം കൊണ്ടു അക്രമിക്കൽ, 326 പ്രകാരം ഗുരുതരമായി പരിക്കേൽപ്പിക്കൽ, 302 പ്രകാരം കൊലപാതകം, 201 പ്രകാരം തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകളിലാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടിന്റെ കോണിക്കൂടിനു താഴെ ടയർ കൊട്ടകൾക്കിടയിൽ ഒളിപ്പിച്ച് തെളിവ് നശിപ്പിച്ചിരുന്നു.