കാട് കയറാതെ കാട്ടാനക്കൂട്ടം; ജനങ്ങൾ ഭീതിയിൽ
1297143
Wednesday, May 24, 2023 11:54 PM IST
കാളികാവ് : കാട്ടാനക്കൂട്ടം കാടു കയറാതെ ജനവാസ കേന്ദ്രങ്ങളിൽ നിലകൊള്ളുന്നത് നാട്ടിൽ ഭീതി പടർത്തുന്നു.
കാളികാവ് മങ്കുണ്ടിലും ചേനപ്പാടിയിലുമാണ് കാട്ടാനകൾ ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്.
കാളികാവ് മങ്കുണ്ടിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് പുല്ലങ്കോട് എസ്റ്റേറ്റിലൂടെ കാട്ടാനകൾ ഇറങ്ങിയത്. ശബ്ദം കേട്ടു നാട്ടുകാർ വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. പടക്കം പൊട്ടിച്ചും മറ്റു ശബ്ദങ്ങൾ ഉണ്ടാക്കിയും കാട്ടാനകളെ നാട്ടുകാരുടെ സഹായത്തോടെ കാടു കയറ്റി.
എന്നാൽ ഇന്നലെ രാവിലെ ചേനപ്പാടി ഭാഗങ്ങളിൽ കാട്ടാനകൾ ഇറങ്ങി പുല്ലങ്കോട് എസ്റ്റേറ്റിലും എസ്റ്റേറ്റിന് പുറത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്തും കാട്ടാനകളെത്തി.
ചേനപ്പാടിയിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകൾ ഇറങ്ങിയത്. നിരന്തരമായി വനത്തിൽ നിന്നു കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് തടയാൻ സ്ഥിരമായ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.