മഞ്ചേരിയിലെ നിലന്പൂർ റോഡ് വീതികൂട്ടി നവീകരിക്കും
1297138
Wednesday, May 24, 2023 11:54 PM IST
മഞ്ചേരി: നഗരത്തിലെ പ്രധാന റോഡായ നിലന്പൂർ റോഡ് വീതി കൂട്ടി നവീകരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണം ജംഗ്ഷനിലെ എസ്.എം. ഹാജി കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനമായി.
റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി അഡ്വ. യു.എ. ലത്തീഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത കെട്ടിട ഉടമകളുടെ യോഗത്തിലാണ് തീരുമാനം.
സ്ഥല ഉടമ തുറക്കൽ സ്വദേശി മേച്ചേരി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാൻ സ്ഥലത്തിന്റെ രേഖകൾ എംഎൽഎക്ക് കൈമാറി. ജൂണ്‍ മാസത്തിൽ കെട്ടിടം പൊളിക്കുമെന്ന് എംഎൽഎ പറഞ്ഞു. മറ്റു കെട്ടിട ഉടമകളും സ്ഥലം വിട്ടു നൽകാനും ധാരണയായി.
രണ്ടു ദിവസത്തിനകം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം അടയാളപ്പെടുത്തി നൽകും.
സെൻട്രൽ ജംഗ്ഷൻ മുതൽ ജസീല ജംഗ്ഷൻ വരെയാണ് റോഡ് വീതികൂട്ടാൻ പദ്ധതി തയാറാക്കുന്നത്. റോഡിന്റെ വീതി കുറവ് നഗരത്തിലെത്തുന്നവർക്കു വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്.
ഇതിന് പരിഹാരം കാണുന്നതിനായാണ് എംഎൽഎ മുന്നിട്ടിറങ്ങിയത്. സ്ഥലം വിട്ടു നൽകുന്നവർക്ക് കെട്ടിട നിർമാണത്തിലെ ചട്ടങ്ങൾ പ്രകാരം ഇളവുകൾ അനുവദിക്കുമെന്നു ചെയർപേഴ്സണ്‍ വി.എം.സുബൈദ പറഞ്ഞു.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, കൗണ്‍സിലർമാരായ ഹുസൈൻ മേച്ചേരി, മരുന്നൻ സാജിദ് ബാബു, സെക്രട്ടറി എച്ച്. സിമി, മുനിസിപ്പൽ എൻജിനീയർ പി. സതീഷ്കുമാർ, അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ പി. സഹീർ, പ്ലാനർ അസോസിയറ്റ് മുഹമ്മദ് അൻസിഫ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ കെ.കെ. സിറാജ്, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.ബി മുഹമ്മദലി, വൈസ് പ്രസിഡന്റ് കെ.പി. ഉമ്മർ, കെട്ടിട ഉടമകൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.