മങ്കട : ഓരാടംപാലം-വൈലോങ്ങര ബൈപാസ് നിർമാണത്തിനു പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിയ്ക്ക് 16.09 കോടിയുടെ ഫണ്ടിംഗ് സാംഗ്ഷൻ അനുവദിച്ച് ഉത്തരവായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
2016 -ൽ 12.62 കോടി രൂപ കിഫ്ബിയിൽ നിന്നു അനുവദിച്ച് ഉത്തരവാകുകയും ആബിഡിസികെയെഎസ്പിവിയായി നിശ്ചയിച്ച് നിർമാണ ചുമതല നൽകുകയും ചെയ്തിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ദീർഘനാളായി പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഭൂവുടമകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും യോഗം മഞ്ഞളാംകുഴി അലി എംഎൽഎ വിളിച്ചു ചേർത്തതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അലൈൻമെന്റിന്റെ സാധ്യത വിലയിരുത്തിയ പ്രകാരം പദ്ധതി ഉടൻ പൂർത്തീകരിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. തുടർനടപടികൾക്കായി കിഫ്ബിക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള റിവൈസ്ഡ് പ്രൊപ്പോസൽ സബ് പ്രൊജക്ട് റിവിഷനായി റിവൈസ്ഡ് ഡിപിആർ സഹിതവും ആബിഡിസികെ കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. ഇതു അംഗീകരിച്ചാണ് 16,09,46,735 (പതിനാറ് കോടി ഒന്പതു ലക്ഷത്തി നാൽപത്തിയാറായിരത്തി എഴുന്നൂറ്റി മുപ്പത്തിയഞ്ച്) രൂപയുടെ പുതുക്കിയ ഫണ്ടിംഗ് സാംഗ്ഷൻ കിഫ്ബി ഉത്തരവായത്. പുതുക്കിയ പദ്ധതി പ്രകാരം റോഡിന്റെ വീതി നേരത്തെ നിശ്ചയിച്ചിരുന്ന 12 മീറ്ററിൽ നിന്നു 13.60 മീറ്ററായി വർധിക്കും. ഇതു ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഫണ്ടിംഗ് അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതി ഉടൻ നടപ്പാക്കുന്നതിനു നിർവഹണ ഏജൻസിയായ ആബിഡിസികെയ്ക്ക് നിർദേശം നൽകിയെന്നു എംഎൽഎ അറിയിച്ചു.