നുരഞ്ഞു പൊന്തുന്ന സർബത്ത്; നിലന്പൂർ മേഖലയിൽ വിൽപന സജീവം
1283294
Saturday, April 1, 2023 11:25 PM IST
നിലന്പൂർ: നുരഞ്ഞു പൊന്തുന്ന സർബത്തിന്റെ കച്ചവടം മേഖലയിൽ സജീവം. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം കുടിവെള്ളങ്ങളുടെ വിൽപ്പനക്ക് തടയിടാൻ പഞ്ചായത്ത് പ്രസിസന്റ്, സെക്രട്ടറിമാരുടെ യോഗം വിളിക്കാൻ താലൂക്ക് സഭയിൽ തീരുമാനമെടുത്തു. രാത്രിയാകുന്നതോടെ നുരഞ്ഞുപൊന്തുന്ന സർബത്ത് വിൽപ്പന നിലന്പൂർ താലൂക്ക് പരിധിയിൽ വ്യാപകമാണ്. ഇതു കഴിക്കുന്നവർക്ക് വൃക്കരോഗങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തിരുമാനമെന്ന് യോഗ അധ്യക്ഷയും നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി. പുഷ്പവല്ലി പറഞ്ഞു.
നിലന്പൂർ നഗരസഭ പരിധിയിലെ പാത്തിപ്പാറയിൽ ജലസേചനത്തിന് മോട്ടോർ വാങ്ങുന്നതിന് ആവശ്യമായ രണ്ടു ലക്ഷം രൂപ അനുവദിച്ച് നൽകാൻ ഒരിക്കൽ കൂടി നഗരസഭയോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനമായി. ഫണ്ട് അനുവദിക്കുന്നതിലെ സങ്കേതികവും ഭരണപരവുമായ തടസങ്ങൾ നഗരസഭ സെക്രട്ടറി വിശദീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ, പ്രതികളുടെ എണ്ണം, പിടിച്ച വാഹനങ്ങളുടെ എണ്ണം, ലഹരി വസ്തുക്കളുടെ തൂക്കം എന്നിവ എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലന്പൂർ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ സജീവമാണെന്ന സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.
നിലന്പൂർ തഹസിൽദാർ എം.പി. സിന്ധു, സർവേ വിഭാഗം തഹസിൽദാർ ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ അരവിന്ദാക്ഷൻ, നിലന്പൂർ നഗരസഭ കൗണ്സിലർ ഇസ്മായിൽ എരഞ്ഞിക്കൽ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ.പി. പീറ്റർ, കെ.വി. തോമസ്, പ്രസാദ് എടക്കര, ശശി മൂത്തേടം, പറാട്ടി കുഞ്ഞാൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.