നാൽപതാം വെള്ളിയുടെ ഓർമ പുതുക്കി കുരിശിന്റെ വഴി
1283023
Saturday, April 1, 2023 12:16 AM IST
നിലന്പൂർ: നാടെങ്ങും നാൽപതാം വെള്ളിയുടെ ഓർമ പുതുക്കി കുരിശിന്റെ വഴി നടത്തി. യേശുദേവന്റെ പീഡാനുഭവ സ്മരണയിൽ ആഢ്യൻപാറ സെന്റ് അന്തോണീസ് കപ്പേളയിലേക്ക് കുരിശിന്റെ വഴി നടത്തി.
മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയ ഇടവക സമൂഹവും കെസിവൈഎം നിലന്പൂർ മേഖലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ കുരിശിന്റെ വഴിയിൽ യുവജനങ്ങളും വയോധികരും കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ അണിചേർന്നു. യേശുദേവന്റെ പീഡാനുഭവ ഓർമ്മയിൽ കുരിശുകളുമേന്തിയാണ് അവർ കുരിശിന്റെ വഴിയിൽ നടന്ന് നീങ്ങിയത്.
40-ാം വെള്ളിയാഴ്ച്ചയുടെ ഓർമയിൽ മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നിന്ന് വർഷങ്ങളായി ആഢ്യൻപാറ വിനോദ കേന്ദ്രത്തിന് സമീപമുള്ള സെന്റ് അന്തോണീസ് കപ്പേളയിലേക്ക് നടത്തി വരുന്ന കുരിശിന്റെ വഴിയുടെ ഭാഗമായാണ് വെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയത്. രാവിലെ 7.45 ഓടെ ഇടവക വികാരി ഫാ.നിഷ്വിൻ തേൻപള്ളിയുടെ നേതൃത്വത്തിൽ ദേവാലയത്തിൽ നിന്നാരംഭിച്ച കുരിശിന്റെ വഴിയിൽ മേഖലയിലെ വൈദികർ, കന്യാസ്ത്രീകൾ, കെസിവൈഎം ഭാരവാഹികൾ, ഇടവക ട്രസ്റ്റിമാർ ഉൾപ്പെടെയുള്ളവർ അണിനിരന്നു. ഫാ.ജിമ്മി ഓലിക്കൽ സന്ദേശം നൽകി. കെസിവൈഎം രൂപതാ ഡയറക്ടർ ഫാ.അഗസ്റ്റ്യൻ ചിറക്കൽ, കെസിവൈഎം മേഖലാ പ്രസിഡന്റ് ജസ്റ്റിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.