മാലിന്യ പ്രശ്നം: സ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു
1283022
Saturday, April 1, 2023 12:16 AM IST
മഞ്ചേരി: നഗരസഭ പരിധിയിലെ മാലിന്യ പ്രശ്നം തടയുന്നതിന്റെ ഭാഗമായി മുനിസിപ്പൽ ആരോഗ്യ വിഭാഗം സ്ഥാപനപ്രതിനിധികളുടെ യോഗം വിളിച്ചു. ബ്രഹ്മപുരത്ത് കൂട്ടിയിട്ട മാലിന്യം കത്തിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ മാലിന്യ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു.
സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശം നൽകിയിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്നോണമാണ് യോഗം വിളിച്ചത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജൈവ മാലിന്യങ്ങൾ സ്വന്തം നിലയിൽ ശാസ്ത്രീയമായി സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് യൂസർ ഫീ നൽകി ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറുക, സ്ഥാപനങ്ങളിലെ മലിനജലം പൊതു ഓടകളിലേക്കോ മറ്റ് ജലസ്രോതസുകളിലേക്കോ ഒഴുക്കി വിടാതെ അടിയന്തിരമായി എസ്ടിപി, എഫ്എസ്ടിപി സ്ഥാപിച്ച് സംസ്കരിക്കാനും നിർദേശം നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തി കർശന നടപടി സ്വീകരിക്കും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. കൗണ്‍സിൽ ഹാളിൽ നടന്ന യോഗം.നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി.ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, സി.സക്കീന, ജസീനാബി അലി, സെക്രട്ടറി എച്ച്. സിമി, ഹെൽത്ത് സൂപ്പർവൈസർ പി.അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ഹോട്ടൽ, റസ്റ്റോറന്റ്, ഫ്ളാറ്റ്, ആശുപത്രി, മെഡിക്കൽ കോളജ് സ്ഥാപന മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.