പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനീയറിംഗ് കോളജിലെ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് ബ്രാഞ്ചുകൾക്കു വീണ്ടും എൻബിഎ അംഗീകാരം ലഭിച്ചു. ഇന്ത്യയിലെ ഉന്നത നിലവാരം പുലർത്തുന്ന കോളജുകൾക്കു സൂക്ഷ്മ പരിശോധനകൾക്കു ശേഷം മാത്രം നൽകുന്ന ഈ അംഗീകാരം മൂന്നു വർഷങ്ങൾക്ക് മുന്പ് കോളജിന് ലഭിച്ചിരുന്നു. അതിന്റെ തുടർച്ചയായി നടന്ന ഓഡിറ്റിലാണ് ഇപ്പോൾ വീണ്ടും അക്രഡിറ്റേഷൻ ലഭിച്ചത്. കേരളത്തിൽ ചുരുക്കം കോളജുകൾക്ക് മാത്രമാണ് എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളത്. കോളജിന് എൻഎഎസി (നാക്) അക്രഡിറ്റേഷനുണ്ട്. മലപ്പുറം ജില്ലയിൽ എൻബിഎ, എൻഎഎസി അക്രഡിറ്റഡ് ആയിട്ടുള്ള ഏക കോളജും പെരിന്തൽമണ്ണ എംഇഎ എൻജിനീയറിംഗ് കോളജാണ്. വിദ്യാർഥികളുടെയും അധ്യാപക, അനധ്യാപകരുടെയും കൂട്ടായ പ്രവർത്തനഫലമാണ് ഈ അംഗീകാരമെന്നു കോളജ് അധികൃതർ അറിയിച്ചു.