ചുങ്കത്തറ മുട്ടിക്കടവിൽ മത്സ്യകൃഷി വിളവെടുപ്പും വിൽപ്പനയും തുടങ്ങി
1282709
Friday, March 31, 2023 12:01 AM IST
എടക്കര: ജില്ലയിൽ കൃഷി വകുപ്പിന് കീഴിൽ ചുങ്കത്തറ മുട്ടിക്കടവിൽ പ്രവർത്തിക്കുന്ന ജില്ലാ വിത്തുകൃഷിത്തോട്ടത്തിലെ ഫാമിൽ നടത്തി വരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പിനും വിൽപ്പനയ്ക്കും തുടക്കമായി.
കൃഷി വകുപ്പിന്റെ സംയോജിതകൃഷി വികസന പദ്ധതിയിലുൾപ്പെടുത്തി കൃഷി വകുപ്പിന്റെയും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും സാന്പത്തിക സഹായത്തോടെയാണ് മത്സ്യകൃഷി നടപ്പാക്കിയത്.
കേന്ദ്രസർക്കാർ സ്ഥാപനമായ എറണാകുളം വല്ലാർപ്പാടത്തുള്ള മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്പ്മെന്റ് അഥോറിറ്റിയിൽ നിന്നു വരുത്തിയ ഉയർന്ന ഗുണനിലവാരമുള്ള 3000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇക്കഴിഞ്ഞ നവംബറിൽ ഫാമിലെ രണ്ടു കുളങ്ങളിലായി നിക്ഷേപിച്ചത്. സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ, ശാസ്ത്രീയമായ പരിചരണവും ആരോഗ്യദായകമായ പെല്ലെറ്റ് തീറ്റയും നൽകി വളർത്തിയെടുത്ത അഞ്ചു മാസം പ്രായമായ മത്സ്യമാണ് വിൽപ്പനയ്ക്ക് തയാറായിരിക്കുന്നത്.
വിളവെടുപ്പിന്റെ ഉദ്ഘാടനവും ഫാമിൽ ഉത്പാദിപ്പിച്ച തേനിന്റെ ആദ്യ വിൽപ്പനയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു. വർഷം മുഴുവൻ കായ്ക്കുന്ന മാവിനമായ "ആൾ സീസണ് മാവി’ന്റെ മാന്പഴത്തോട്ടം ഫാമിലൊരുക്കുന്നതിന്റെ ഭാഗമായി ആദ്യ തൈനടീൽ കർമം നിലന്പൂർ ബ്ലോക്ക് പ്രസിഡന്റ് പുഷ്പവല്ലിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസയും ചേർന്നു നിർവഹിച്ചു. ഫാമിൽ കായ്ച്ച വിദേശപഴമായ പുലാസാൻ പഴത്തിന്റെ ആദ്യവിളവെടുപ്പ് ഫാമുകളുടെ ചുമതല വഹിക്കുന്ന കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സക്കീർ നിർവഹിച്ചു. ഫാം സൂപ്രണ്ട് ബെന്നി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെംബർ സൂസമ്മ മത്തായി, ആനക്കയം ഫാമിലെ സീനിയർ കൃഷി ഓഫീസർ കെ.പി സുരേഷ്, തൊഴിലാളി സംഘടനാ പ്രതിനിധികളായ എം. ഉമ്മർ, സുകേഷ്, ദിലീപ്, പി.ജി വസന്തകുമാർ, കൃഷി ഓഫീസർ ഉമാ മഹേശ്വരി, ജൂണിയർ സൂപ്രണ്ട് രാമചന്ദ്രൻ, കൃഷി അസിസ്റ്റന്റുമാരായ വി. മുനവിർ, എം. പ്രവിത, ഒ.പി. സഖറിയ്യ എന്നിവർ പ്രസംഗിച്ചു. കെ.ടി നൗഷാദ്, റാഫേൽ, പ്രവീണ്, കൃഷ്ണൻ, ദിലീപ്കുമാർ, ബാനുപ്രകാശ്, ബിജീഷ്, ജോഷി, രാജൻ, നാസർ എന്നിവർ നേതൃത്വം നൽകി. ഇന്നു മുതൽ ഫാമിൽ നിന്നു ഓഫീസ് സമയത്ത് പൊതുജനങ്ങൾക്ക് മത്സ്യം ലഭ്യമാണ്.